എഴുത്തച്ഛൻ പുരസ്കാരം സേതുവിന്

5 ലക്ഷം രൂപയും മംഗളപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം

Update: 2022-11-01 10:07 GMT
Advertising

മുപ്പതാമത് എഴുത്തച്ഛൻ പുരസ്കാരം സേതുവിന്. 5 ലക്ഷം രൂപയും മംഗളപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യലോകത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വി എൻ വാസവനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് എന്നിവരംഗങ്ങളുമായ സമിതിയാണ് വിധി നിര്‍ണയിച്ചത്.

സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകമാണെന്ന് പുരസ്കാര നിര്‍ണയ സമിതി പറഞ്ഞു. ജീവിതാനുഭവങ്ങളുടെ ഒരു വലിയ ബാങ്ക് നിക്ഷേപമുള്ള വലിയ എഴുത്തുകാരനാണ് അദ്ദേഹം. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വചനങ്ങള്‍ക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവെയ്ക്കുന്ന എഴുത്തുകാരനാണ്. പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത സേതുവിനെ വ്യത്യസ്തനാക്കുന്നുവെന്നും പുരസ്കാര നിര്‍ണയ സമിതി പറഞ്ഞു.

നോവലുകളും കഥകളും രണ്ട് ബാലസാഹിത്യ കൃതികളുൾപ്പെടെ നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ അവാർഡ് (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്.

2005ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബർ 5ന് സേതുവിനെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലൻസ് പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങൾ അടിമകൾ എന്നിവ സിനിമയായി. 

മറുപിറവി, ഞങ്ങൾ അടിമകൾ, കിരാതം, താളിയോല, പാണ്ഡവപുരം, നവഗ്രഹങ്ങളുടെ തടവറ, വനവാസം, വിളയാട്ടം, ഏഴാം പക്കം, കൈമുദ്രകൾ, കൈയൊപ്പും കൈവഴികളും, നിയോഗം,അറിയാത്ത വഴികൾ എന്നിവയാണ് പ്രധാന നോവലുകള്‍. തിങ്കളാഴ്ചകളിലെ ആകാശം,വെളുത്ത കൂടാരങ്ങൾ, പ്രകാശത്തിന്റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്നങ്ങൾ, അരുന്ധതിയുടെ വിരുന്നുകാരൻ എന്നിവയാണ് പ്രധാന കഥകള്‍.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News