ഫെയർനസ് ക്രീമുകളെല്ലാം സേഫല്ല; അമിതമായി ലോഹങ്ങൾ ചേർത്ത ക്രീമുകൾ ഗുരുതര വൃക്കരോഗങ്ങൾക്ക് കാരണമാകുന്നു
ഇത്തരം വ്യാജ ക്രീമുകൾ കടകളിലും ഓൺലൈനുകളും ഇപ്പോഴും സജീവമായി വിൽക്കുന്നുണ്ട് എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം
മലപ്പുറം: സൗന്ദര്യത്തിനായി മുഖത്ത് പുരട്ടുന്ന ക്രീമുകൾ വളരെ മാരകമായ വൃക്കരോഗങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തൽ. മലപ്പുറം കോട്ടക്കൽ ആസ്റ്റർ മിംമംസ് ആശുപത്രിയിലെ നെഫ്‌റോളജി വിഭാഗം ഡോക്ടർമാരാണ് പത്ത് രോഗികളിൽ സമാനമായ രോഗം കണ്ടെത്തിയത്. അമിതമായി ലോഹങ്ങൾ ചേർത്ത ക്രീമുകളാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. മുഖത്ത് തേക്കുന്ന ക്രീമുകൾ പരിശോധിച്ചപ്പോൾ മെർക്കുറിയുടെ അംശം നൂറിലധികമോ ആയിരത്തിലധികമോ കൂടുതലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു. ഇത്രയും അധികം മെർക്കുറി അംശമടങ്ങിയ ക്രീം മുഖത്ത് പുരട്ടുമ്പോൾ രക്തക്കുഴലിലൂടെ അത് വലിച്ചെടുത്ത് വൃക്കയിലെത്തുകയാണ് ചെയ്യുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഹരിയും നെഫ്രോളജിസ്റ്റ് ഡോ.സജീഷും പറയുന്നു.
മെർക്കുറിക്ക് പുറമെ ലെഡ്,കാഡ്മിയം,സ്‌ട്രോൻഷ്യം തുടങ്ങിയ ലോഹങ്ങളും ക്രീമിൽ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മുഖത്ത് തേക്കുന്ന ക്രീമുകൾ കാരണം വൃക്കരോഗമുണ്ടാകുന്നത് ആദ്യത്തെ സംഭവമല്ല. പക്ഷേ, ഒന്നോ രണ്ടോ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ആദ്യത്തെ ഒന്നോ രണ്ടോ രോഗികൾ വന്നപ്പോൾ യഥാർഥ കാരണം വ്യക്തമായിരുന്നില്ല. പിന്നീടും സമാനമായ ലക്ഷണവുമായി രോഗികൾ വന്നപ്പോഴാണ് മുഖത്ത് തേക്കുന്ന ക്രീമാണ് കാരണം വ്യക്തമായത്. പിന്നീട് നെഫ്രോട്ടിക് സിൻഡ്രോം ബാധിച്ച് വരുന്നവരോട് ക്രീം കാണിച്ച് അങ്ങോട്ട് ചോദിക്കാൻ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പലരും ആദ്യം തുറന്നുപറയാന്‍ മടിച്ചിരുന്നു. എന്നാല്‍ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും പറഞ്ഞപ്പോഴാണ് പലരും സമ്മതിച്ചത്.
ഈ ക്രീമുകൾ തേക്കുമ്പോൾ പെട്ടന്ന് വെളുക്കാൻ തുടങ്ങും. പക്ഷേ,നിർത്തിയാൽ മുഖം കൂടുതൽ ഇരുണ്ടുവരികയും കുരുക്കൾ വരികയും ചെയ്യും. ഇത് കാരണം ക്രീമിന് അടിമകളാകുകയാണ് പലരും ചെയ്യുന്നത്. നമ്മുടെ സ്വാഭാവികമായ കോശങ്ങളെ ക്രീമുകൾ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വ്യാജ ക്രീമുകൾ വ്യാപകമായി കടകളിലും ഓൺലൈനുകളും സജീവമായി വിൽക്കുന്നുണ്ട് എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം.