പാലക്കാട് നടന്നത് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം: എസ്ഐഒ
മലയാളി മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ മധു കൊലപാതകത്തിന് ശേഷം വീണ്ടും സമാന കൊലപാതകം നടക്കുന്നത് കേരളത്തിന്റെ പുരോഗമനത്തിനേറ്റ പ്രഹരമാണെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വാഹിദ് പറഞ്ഞു
കോഴിക്കോട്: പാലക്കാട് നടന്ന ആൾക്കൂട്ടക്കൊല മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്. ബംഗ്ലാദേശിയായ മോഷ്ടാവാണെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം രാമനാരായൺ ഭയ്യാർ എന്ന ചത്തിസ്ഗഢ് സ്വദേശിയായ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നത്. മലയാളി മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ മധു കൊലപാതകത്തിന് ശേഷം വീണ്ടും സമാന കൊലപാതകം നടക്കുന്നത് കേരളത്തിന്റെ പുരോഗമനത്തിനേറ്റ പ്രഹരമാണെന്ന് അബ്ദുൽ വാഹിദ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എങ്ങനെയാണ് മനുഷ്യന് നിരായുധനായ തന്നേക്കാൾ ശാരീരികവും സാമൂഹികവുമായി ദുർബലനായ, ജീവന് വേണ്ടി യാചിക്കുന്ന ഒരാളെ കൊല്ലപ്പെടുന്ന വരെ ആക്രമിച്ചുകൊണ്ടിരിക്കാൻ സാധിക്കുന്നത്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകമാണ് കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പള്ളിയിൽ നടന്നത്. ബംഗ്ലാദേശിയായ മോഷ്ടാവാണെന്ന് ആരോപിച്ചു ആൾക്കൂട്ടം രാമനാരായണ് ഭയ്യാർ എന്ന ചത്തിസ്ഗഡ് സ്വദേശിയായ അതിഥി തൊഴിലാളിയെ ആണ് തല്ലിക്കൊന്നത്. മലയാളി മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ മധു കൊലപാതകത്തിന് ശേഷം വീണ്ടും സമാന കൊലപാതകം നടക്കുന്നത് കേരളത്തിന്റെ പുരോഗമനത്തിനേറ്റ പ്രഹരമാണ്.
Xenophobia അഥവാ അപരിചിതവിദ്വേഷത്തിന്റെ ഇരകൾ എന്നും ഇങ്ങനെ തൊഴിൽ തേടിയും ജീവിതം കരുപ്പിടിപ്പിക്കാനും വേണ്ടി വരുന്നവരാണ്. യൂറോപ്പിലും അമേരിക്കയിലും നമ്മൾ ഇന്ത്യക്കാരാണെങ്കിൽ ഇന്ത്യയിൽ ഇങ്ങനെയാണ് സ്ഥിതി. അപരന്റെ മനുഷ്യൻ എന്ന സ്വത്വം തന്നെ ബഹുമാനിക്കപ്പെടാൻ അവനെ അർഹനാക്കുന്നുണ്ട്. തല്ല് കൊള്ളാനും കൊല ചെയ്യപ്പെടാനും ചിലർ അർഹരാണ് എന്ന ഉച്ച-നീച ചിന്തയാണ് മനുഷ്യനെ ഇങ്ങനെ ചിന്തിക്കുന്നത്. ഈ സവർണ വംഷീയത നേർക്ക് നേർ ചോദ്യം ചെയ്ത് കൊണ്ട് മാത്രമേ സമൂഹത്തിന് മുൻപോട്ട് പോകാൻ കഴിയൂ.