മുനമ്പം ഭൂമി; ട്രൈബ്യൂണലിന് മുന്നിൽ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഫാറൂഖ് കോളേജ്

വിറ്റ ഭൂമി സംബന്ധിച്ചും ബാക്കിയുള്ള ഭൂമി സംബന്ധിച്ചും വിവരങ്ങളെടുത്ത് കോടതിയെ അറിയിക്കണമെന്ന് ജഡ്ജി

Update: 2025-04-10 16:27 GMT
Editor : സനു ഹദീബ | By : Web Desk

കോഴിക്കോട്: ട്രൈബ്യൂണലില്‍ മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച പ്രധാന ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഫാറൂഖ് ഫാറൂഖ് കോളേജ്. എത്ര ഭൂമി വിറ്റു, എത്ര പേർക്ക്, എത്ര ഭൂമി ബാക്കിയുണ്ട് തുടങ്ങിയ ട്രൈബ്യൂണല്‍ ജഡ്ജിയുടെ ചോദ്യങ്ങൾക്കാണ് ഫാറൂഖ് കോളേജിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. മായന് മറുപടി ഇല്ലാതിരുന്നത്. വ്യക്തതയില്ലെന്നായിരുന്നു മറുപടി.

എത്ര ഭൂമി വിറ്റു എന്നറിയില്ലെങ്കില്‍ എത്ര ഭൂമി ഫാറൂഖ് കോളേജിന് മുനമ്പത്ത് ബാക്കിയുണ്ട് എന്ന് ട്രൈബ്യൂണൽ ചോദിച്ചു. അതിനും വ്യക്തതയില്ല എന്നായിരുന്നു ഫാറൂഖ് കോളേജിന്റെ അഭിഭാഷകന്റെ മറുപടി. നിങ്ങള്‍ ഫാറൂഖ് കോളിജന്റെ അഭിഭാഷകനല്ലേ, നിങ്ങള്‍ അറിയണ്ടേ എന്ന് ജഡ്ജി ചോദിച്ചു. വിറ്റ ഭൂമി സംബന്ധിച്ചും ബാക്കിയുള്ള ഭൂമി സംബന്ധിച്ചും വിവരങ്ങളെടുത്ത് കോടതിയെ അറിയിക്കണമെന്ന് ജഡ്ജി രാജന്‍ തട്ടില്‍ അഭിഭാഷകനോട് പറഞ്ഞു.

Advertising
Advertising

വഖഫെന്ന് സത്യവാങ്മൂലം നല്കിയതിനെക്കുറിച്ചും മറുപടി ഉണ്ടായിരുന്നില്ല. പറവൂർ സബ് കോടതിയില്‍ ഭൂമി വഖഫാണെന്ന് ഫാറൂഖ് കോളജ് തന്നെ സത്യവാങ്മൂലം നല്കിയതായി കഴിഞ്ഞ ദിവസം വഖഫ് ബോർഡിന്റെ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു. സത്യവാങ്മൂലത്തിന്റെ പകർപ്പ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അതിനെക്കുറിച്ച് മാധ്യമങ്ങള്‍ ഫാറൂഖ് കോളേജിന്റെ അഭിഭാഷകനോട് ചോദിച്ചെങ്കിലും വ്യക്തതയില്ലെന്നായിരുന്നു മറുപടി.

മുനമ്പത്തെ ഭൂമി വഖഫല്ലെന്നും ദാനമാണെന്നുമുള്ള വാദമാണ് വഖഫ് ട്രൈബ്യൂണലില്‍ ഫാറൂഖ് കോളേജ് എടുക്കുന്നത്. എന്നാല്‍ അത് തെളിയിക്കുന്ന രേഖകള്‍ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. 1975 ലെ ഹൈക്കോടതി വിധിയില്‍ കേസ് വിശദീകരിക്കുന്ന ഭാഗത്ത് ദാനമായി കിട്ടിയ ഭൂമിയെന്ന് പറയുന്ന കാര്യം മാത്രമാണ് ഇതുവരെ ഫാറൂഖ് കോളേജിന് പറയാനുണ്ടായിരുന്നത്.

മുനമ്പത്തെ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച അടിസ്ഥാനപരമായ പരിശോധനയിലേക്ക് വഖഫ് ട്രൈബ്യൂണല്‍ കടക്കുകയാണ്. ഭൂമി വഖഫാണെന്നതിന് തെളിവായി സിദ്ധീഖ് സേഠ് ഭൂമി ഫാറൂഖ് കോളജിന് എഴുതി നല്‍കിയ പ്രമാണം ഉള്‍പ്പെടെ രേഖകള്‍ വഖഫ് ബോർഡ് കോടതിയില്‍ ഹാജരാക്കും. വഖഫല്ല, ദാനമാണ് എന്ന് തെളിയിക്കാന്‍ എന്ത് തെളിവാകും ഫാറൂഖ് കോളേജ് ഹാജരാക്കുക എന്നതാണ് ഇനി അറിയേണ്ടത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News