'എപ്പോ വീണാലും പൊട്ടാവുന്ന അസ്ഥിയുമായാണ് ഞാനാ പടികള്‍ കയറിയത്, ഹാളിലിരുന്ന് കരയുകയായിരുന്നു'; പരീക്ഷാകേന്ദ്രത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഫാത്തിമ അസ്‍ല

ശാരീരിക പരിമിതിയുള്ള എനിക്ക് മൂന്നാം നിലയിലായിരുന്നു പരീക്ഷ ഹാൾ ക്രമീകരിച്ചിരുന്നത്

Update: 2024-07-12 06:31 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: എല്ലുകള്‍ നുറുങ്ങുന്ന രോഗമായ ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്റ്റ എന്ന രോഗത്തെ അതിജീവിച്ച് ഡോക്ടറായ ഫാത്തിമ അസ്‌ല സ്ത്രീകള്‍ക്ക് മാത്രമല്ല, സമൂഹത്തിനാകെ പ്രചോദനമാണ്. പരിമിതികളെ മറികടന്ന് ഒരുപാട് കഷ്ടപ്പാടുകളെ സഹിച്ചാണ് ഫാത്തിമ തന്‍റെ സ്വപ്നത്തിലേക്ക് പറന്നത്. സോഷ്യല്‍മീഡിയ സജീവമായ ഫാത്തിമ താന്‍ നേരിട്ടൊരു ദുരനുഭവത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ പിജി എൻട്രൻസ് പരീക്ഷയ്ക്ക് പോയപ്പോഴുണ്ടായ അനുഭവമാണ് ഫാത്തിമ പങ്കുവച്ചത്.

ഫാത്തിമയുടെ വാക്കുകള്‍

‘ശാരീരിക പരിമിതിയുള്ള എനിക്ക് മൂന്നാം നിലയിലായിരുന്നു പരീക്ഷ ഹാൾ ക്രമീകരിച്ചിരുന്നത്. എന്നാൽ പരാതിയൊന്നും പറയാതെ ഭർത്താവ് ഫിറോസ് തന്നെ എടുത്തുകൊണ്ട് മൂന്നു നില നടന്നു കയറി എക്സാം ഹാളിൽ എത്തിച്ചു. എക്സാം ഹാളിലേക്ക് ഭർത്താവിന് പ്രവേശനം നൽകാനാകില്ലെന്ന് അധികൃതർ പറഞ്ഞപ്പോഴും അത് അനുസരിച്ചു. വാക്കറിന്റെ സഹായത്തോടെ നടന്ന് എക്സാം ഹാളിലേക്ക് പൊയ്ക്കോളാം എന്നു പറഞ്ഞു.കാലിന് പ്രശ്നമുള്ളതു കൊണ്ടു തന്നെ ചെരുപ്പ് ഉപയോഗിക്കാതെ ഒരടി പോലും നടക്കാനാകില്ല. എന്നിട്ടും ഹാളിൽ ചെരുപ്പ് അനുവദിക്കില്ല എന്ന നിർദ്ദേശവും അനുസരിച്ചു.

Advertising
Advertising

അകത്തേക്ക് കയറുമ്പോഴാണ് അറിയുന്നത് നാലോ അഞ്ചോ സ്റ്റെപ്പിന് അപ്പുറമാണ് എന്റെ സീറ്റെന്ന്. വാക്കർ ഉപയോഗിച്ച് അവിടേക്കെത്താൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞു. ഭർത്താവിനെ അകത്തേക്ക് സഹായത്തിന് വിളിച്ചോട്ടെ എന്നു വിളിച്ചിട്ടും അവർ അനുവദിച്ചില്ല. പകരം അവർ എന്നെ സീറ്റിലേക്ക് എടുത്തിരുത്തി. അതിൽ ഞാനൊട്ടും കംഫർട്ടബിൾ അല്ലായിരുന്നു. നട്ടെല്ലിൽ പ്ലേറ്റ് ഇട്ടിട്ടുണ്ട്. എപ്പോ വീണാലും പൊട്ടാവുന്ന അസ്ഥിയുമായാണ് ഞാൻ ഈ കണ്ട പടികളെല്ലാം കയറിയെത്തിയത്. അത്രയും സൂക്ഷിച്ചാണ് ഓരോ അടിയും എടുത്ത് വയ്ക്കുന്നത്.

വേദന സഹിച്ച് എക്സാം പൂർത്തിയാക്കുമ്പോഴും ഭർത്താവ് ഫിറോസിനെ അകത്തേക്ക് കയറ്റിവിടാൻ അവർ അനുവദിച്ചില്ല. എക്സാം ഹാളിലിരുന്ന് കരയേണ്ടി വന്നുവെന്നും ഫാത്തിമ കുറിക്കുന്നു. വിഷയം എക്സാം സെന്‍റര്‍ അധികൃതരെ അറിയിച്ചപ്പോൾ സെന്റർ ഭിന്നശേഷി സൗഹൃദമെല്ലെന്ന് റിപ്പോർട്ട് നൽകാം എന്നു മാത്രമാണ് അധികൃതർ അറിയിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News