'സൂംബ കരിക്കുലത്തിൽ കൊണ്ടുവരേണ്ട ആവശ്യമില്ല'; ഫസല്‍ ഗഫൂർ
''യോഗയും സൂംബയുമൊക്കെ ഓരോരുത്തരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ചെയ്യാം, അത് കരിക്കുലത്തിൽ കൊണ്ടുവരേണ്ടയാവശ്യമില്ല. മതപരമായ ചിട്ട പറയേണ്ടത് മതസംഘടനകളാണ്'
കോഴിക്കോട്: സൂംബ കരിക്കുലത്തിൽ കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂർ.
'യോഗയും സൂംബയുമൊക്കെ ഓരോരുത്തരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ചെയ്യാം, അത് കരിക്കുലത്തിൽ കൊണ്ടുവരേണ്ടയാവശ്യമില്ല. മതപരമായ ചിട്ട പറയേണ്ടത് മതസംഘടനകളാണ്'- അദ്ദേഹം പറഞ്ഞു.
'പൊതുസ്ഥലങ്ങളില്‍ സൂംബ ഡാൻസ് കാണുന്നുണ്ട്. അതിനോട് എനിക്ക് അഭിപ്രായമില്ല. ശരിക്കുള്ള സൂംബ ഡാൻസ് എന്നത് അത്‌ലറ്റിക്കായുള്ള പരിപാടിയായിട്ടാണ് കണ്ടിട്ടുള്ളത്. ഇപ്പോൾ സൂംബയുടെ മറവിൽ പല തരത്തിലുള്ള തോന്നിവാസങ്ങളും നടക്കുന്നുണ്ട്. അതൊക്കെ നോക്കേണ്ടത് സർക്കാറിന്റെ ജോലിയാണ്. ഇത്തരം പരിപാടികൾ സർക്കാർ കൊണ്ടുവന്നതാണെങ്കിൽ അതിന് വല്ല കേടുകളുമുണ്ടോയെന്ന് അവർ പരിശോധിക്കട്ടെ'- അദ്ദേഹം പറഞ്ഞു.
'ഇതുവരെ സർക്കാർ ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. ചോദിക്കുമ്പോൾ ഞങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായം പറയും''- ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.