'തല മറയ്ക്കുന്നതല്ല പ്രശ്‌നം, മറയ്ക്കുന്ന തലകൾ ആരുടേതാണ് എന്നതാണ്'; അനുഭവം പങ്കുവെച്ച് യുവതിയുടെ കുറിപ്പ്
പാസ്‌പോർട്ടിനായി ഫോട്ടോ എടുക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് സഫ് ഷൗക്ക് എന്ന യുവതി പങ്കുവെച്ചത്
Hijab | Photo | Hikma Boutique
കോഴിക്കോട്: ശിരോവസ്ത്ര വിലക്ക് സംബന്ധിച്ച ചർച്ചകളിൽ അനുഭവം പങ്കുവെച്ച് യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. പാസ്‌പോർട്ടിനായി ഫോട്ടോ എടുക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് സഫ് ഷൗക്ക് എന്ന യുവതി പങ്കുവെച്ചത്.
കുറിപ്പിൽ പറയുന്നത്
തലമറക്കലാണല്ലോ പ്രശ്നം. കഴിഞ്ഞ മാസം മോളുടെ പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട് ഫോട്ടോ എടുക്കാൻ പോയി. ചെവിയും കഴുത്തും കാണിക്കാത്ത ഫോട്ടോ പാസ്പോർട്ട് ന് വേണ്ടി എടുക്കാൻ പറ്റില്ലെന്ന് സ്റ്റുഡിയോക്കാരൻ. ഉപദേശിച്ചു നന്നാക്കാൻ വേറെ ചിലരും. അവസാനം സങ്കടവും ദേഷ്യവും കൊണ്ടവൾ കരഞ്ഞു. നമ്മള് ആവശ്യപ്പെടുന്നപോലെ ഫോട്ടോ എടുത്ത് തന്നാൽ മതി തത്കാലം ന്ന് പറഞ്ഞ് ഒരു വിധം ഫോട്ടോ എടുത്ത് പാസ്പോർട്ട് ഓഫീസിൽ പോയപ്പോൾ ഇത് പറ്റില്ലെന്ന് അവിടുത്തെ ഓഫീസർ.
ചുമരിലെ നോട്ടിസ് ബോർഡിൽ വലിയ അക്ഷരങ്ങളിൽ എഴുതി ഒട്ടിച്ചു വെച്ച പാസ്പോർട്ട് ഫോട്ടോയുടെ നിയമങ്ങൾ ചൂണ്ടിക്കാണിച്ച് അങ്ങോട്ട് പഠിപ്പിച്ചു കൊടുത്തത് അത്രക്ക് ഇഷ്ടപ്പെടാതിരുന്ന അയാൾ, മുഖം കനപ്പിച്ച് "ഇത് റിട്ടേൺ വരുമ്പോൾ കാണാം" ന്ന് പറഞ്ഞ് ഡോക്യുമെന്റ്സിന്റെ കൂടെ ഫോട്ടോ അറ്റാച്ച് ചെയ്ത് അയച്ചു. ഫോട്ടോ തിരികെ വന്നു. പക്ഷെ അത് പാസ്സ്പോർട്ടിൽ പതിച്ചിട്ടായിരുന്നെന്ന് മാത്രം. ( സൗദിയിൽ നിന്ന് ഇന്ത്യൻ പാസ്പോർട്ട് പുതുക്കുന്നതിനിടയിലെ കാര്യമാണ് മേലെ പറഞ്ഞത്. )
എത്രമാത്രം ഊർജം കളഞ്ഞ് സംസാരിക്കേണ്ടി വന്നിട്ടാണ് ഓരോ അവകാശങ്ങളും നേടിയെടുക്കേണ്ടി വരുന്നത്. നിയമങ്ങളൊക്കെ വൃത്തിക്ക് അച്ചടിച്ചു വെച്ചിട്ടുണ്ട്. പക്ഷെ,അംഗീകരിച്ചു കിട്ടാൻ ചില്ലറ പാടൊന്നുമല്ല. എന്നാൽ, തുടക്കത്തിൽ പറഞ്ഞ പോലെ തല മറക്കുന്നതല്ല യഥാർത്ഥ പ്രശ്നം. മറക്കുന്ന തലകൾ ആരുടേതാണ് എന്നതാണ്.