'ജീവിതം മടുത്തത് കൊണ്ട് പോകുന്നു,എന്‍റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ല'; ജീവനൊടുക്കിയ വനിതാ ഡോക്ടറുടെ കുറിപ്പ്
ഡോ. അഭിരാമിയുടെ ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിക്കും
ഡോ.അഭിരാമി
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ വനിതാ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു.ഡോ. അഭിരാമിയുടെ ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിക്കും.
'ജീവിതം മടുത്തത് കൊണ്ട് പോകുന്നു. എന്‍റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ല'. ഇതായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്‍റ് ഡോ.അഭിരാമി ബാലകൃഷ്ണന്‍റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങൾ. അഭിരാമിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ മുറിയിൽ നിന്നാണ് കുറിപ്പും കണ്ടെത്തിയത്. ഇനി കണ്ടെത്തേണ്ടത് ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ്. അതിന് അഭിരാമിയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ഫോൺ കോൾ വിവരങ്ങൾ, ഫോൺ മെമ്മറി എന്നിവയാണ് പരിശോധിക്കുക. ഇന്നലെ വൈകിട്ടോടെയാണ് ഉള്ളൂരിലെ വാടകവീട്ടിൽ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം മുറിയിൽ കയറി വാതിൽ അടച്ച അഭിരാമി പുറത്തിറങ്ങിയില്ല. ഏറെനേരം കാണാതിരുന്നതിനെത്തുടർന്ന് കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ അഭിരാമിയെ കണ്ടെത്തിയത്. മുറിയിൽ നിന്ന് സിറിഞ്ചും കണ്ടെത്തി. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ വെള്ളനാടാണ് അഭിരാമിയുടെ സ്വദേശം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവും ഡോക്ടറാണ്. ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്നാണ് ഭർത്താവും മറ്റ് കുടുംബാംഗങ്ങളും പൊലീസിന് നൽകിയ മൊഴി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.