രാഹുൽ മാങ്കൂട്ടത്തിലിനായി അടൂരിലും തിരച്ചിൽ; പൊലീസ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് ഫെനി നൈനാൻ
രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമാണ് ഫെനി
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കായി അടൂരിലും തിരച്ചിൽ. സുഹൃത്ത് ഫെനി നൈനാന്റെ വീട്ടിൽ പൊലീസെത്തി. പൊലീസ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് ഫെനി ആരോപിച്ചു.
അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ സ്ഥാനാർഥിയാണ് ഫെനി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ സമയത്താണ് പൊലീസ് രാഹുലിനെ തേടി ഫെനിയുടെ വീട്ടിലെത്തിയത്. പൊലീസ് എത്തുമ്പോൾ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ അറിയിച്ചതനുസരിച്ച് വീട്ടിലെത്തിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഫെനി പറഞ്ഞു. തുടർന്നാണ് അടൂർ സ്റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
തുടർന്ന് കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി പൊലീസുമായി ചർച്ച നടത്തി. ശേഷം ഫെനിയുമായി സംസാരിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ഇനിയും ഫെനിയുടെ വീട്ടിൽ കയറിയാൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.