Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.84 കോടി വോട്ടർമാരാണുള്ളത്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം 1,34,294 വോട്ടർമാരുടെ വർധനവുണ്ടായിട്ടുണ്ട്. പ്രവാസി വോട്ടർ പട്ടികയിൽ ആകെ 2,798 പേരാണ് ഇടം നേടിയത്.
കരട് വോട്ടർപട്ടിക സംബന്ധിച്ച് ഒക്ടബോർ 14 വരെ ലഭിച്ച അപേക്ഷകൾക്കും ആക്ഷേപങ്ങൾക്കും ശേഷമുള്ള അന്തിമ വോട്ടർപട്ടികയാണ് കമ്മീഷൻ ഇന്നലെ രാത്രി പത്തരയോടെ പ്രസിദ്ധീകരിച്ചത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നു. വോട്ടർ പട്ടിക സംബന്ധിച്ച പൂർണ വിവരങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക അന്തിമമായതോടെ നവംബർ ആദ്യ ആഴ്ചയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.