ഭക്ഷ്യകിറ്റും ധനസഹായവും: തവനൂരില്‍ വിവാദങ്ങള്‍ക്കിടെ ഫിറോസ് കുന്നംപറമ്പില്‍ വീണ്ടും സജീവം

600 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ എത്തിച്ച് തവനൂരില്‍ നിന്ന് തന്നെയാണ് ഫിറോസ് തെരഞ്ഞെടുപ്പിന് ശേഷം ജീവകാരുണ്യ പ്രവര്‍ത്തനം പുനരാരംഭിച്ചത്

Update: 2021-05-08 03:53 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരിലെ തോല്‍വിക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ക്കിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഫിറോസ് കുന്നംപറമ്പില്‍. 600 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ എത്തിച്ച് തവനൂരില്‍ നിന്ന് തന്നെയാണ് ഫിറോസ് തെരഞ്ഞെടുപ്പിന് ശേഷം ജീവകാരുണ്യ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

തവനൂർ കൂട്ടായി തീരദേശ മേഖലയിലെ കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. ഒപ്പം എടപ്പാളില്‍ രണ്ട് വൃക്കകളും തകരാറിലായ ഒരാള്‍ക്കുള്ള ധനസഹായവും ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള തുകയും നല്‍കി. എന്നും തവനൂരുകാര്‍ക്കൊപ്പം ഉണ്ടാകുമെന്ന വാക്ക് പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലീഡ് നില മാറിയും മറിഞ്ഞുമുള്ള കനത്ത പോരാട്ടത്തിന് ഒടുവിലാണ് ഫിറോസ് കുന്നംപറമ്പില്‍ കെ ടി ജലീലിനോട് പരാജയപ്പെട്ടത്. തോല്‍വിക്ക് ശേഷമുള്ള ഫിറോസിന്‍റെ ചില പരാമര്‍ശങ്ങള്‍ യുഡിഎഫ് ക്യാമ്പില്‍ അമര്‍ഷമുണ്ടാക്കി. യുഡിഎഫ് എഴുതിത്തള്ളിയ മണ്ഡലമായിരുന്നു തവനൂര്‍ എന്നും മണ്ഡലത്തില്‍ യുഡിഎഫ് മുന്നൊരുക്കങ്ങള്‍ ഒന്നും നടത്തിയിരുന്നില്ലെന്നും ഫിറോസ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുത്തതാണ് എല്‍ഡിഎഫ് തരംഗത്തിന് കാരണമെന്നും പറഞ്ഞു. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരെ ഒറ്റുകൊടുക്കരുതെന്നും അപകടം വരുമ്പോള്‍ വാല് മുറിച്ച് രക്ഷപ്പെടുന്ന പല്ലിയെപ്പോലെ ആകരുതെന്നുമുള്ള രൂക്ഷവിമര്‍ശനവുമായി മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കിയത് തന്നെ തെറ്റാണെന്ന് യൂത്ത് കോണ്‍ഗ്രസും വിമര്‍ശിച്ചു. ആരുടെ താത്പര്യപ്രകാരമാണ് സീറ്റ് നല്‍കിയതെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും അവ്യക്തമാണ്. ഫിറോസ് കുന്നംപറമ്പിലല്ലാതെ മറ്റാരായിരുന്നെങ്കിലും ജലീല്‍ വിരുദ്ധ സാഹചര്യത്തില്‍ മണ്ഡലത്തില്‍ വിജയിക്കുമായിരുന്നു. ഏത് മണ്ഡലത്തിലും ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് സാധിക്കും. ഫിറോസിന്റെ കാര്യത്തില്‍ സ്വന്തം നിരപരാധിത്വം തെളിയിക്കാനാണ് സമയം കൂടുതല്‍ ചെലവഴിച്ചത്. മലപ്പുറം ഡിസിസിയോ അവിടുത്തെ പ്രാദേശിക കമ്മറ്റികളോ ഫിറോസിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി അറിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പിന്നാലെ രാഷ്ട്രീയത്തില്‍ തുടക്കക്കാരന്‍ എന്ന നിലയിലും അറിവില്ലായ്മ കൊണ്ടുമുണ്ടായ ചില പരാമര്‍ശങ്ങള്‍ കാരണം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുണ്ടായ വിഷമത്തില്‍ മാപ്പ് പറയുന്നുവെന്ന് ഫിറോസ് വ്യക്തമാക്കി.

തവനൂർ-കൂട്ടായി തീരദേശ മേഖലയിൽ

600 കുടുംബങ്ങൾക്കുള്ള

ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നു........

Posted by Firoz Kunnamparambil Palakkad on Friday, May 7, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News