ശബരിമല സ്വർണക്കൊള്ളയിൽ ആദ്യ നടപടി; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ സസ്പെൻഡ് ചെയ്യും; മോഷണത്തിൽ പങ്കില്ലെന്ന് മുരാരി ബാബു
ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ലെന്നും മുരാരി ബാബു പറഞ്ഞു.
Photo| Special Arrangement
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും. 2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെതിരെയാണ് നടപടി എടുക്കുക. സസ്പെൻഡ് ചെയ്യാനാണ് ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസം ബോർഡ് യോഗത്തിന്റെ തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിൽ സ്വർണപ്പാളിയെ ചെമ്പെന്നെഴുതിയത് മുരാരി ബാബു ആയിരുന്നു.
എന്നാൽ, സ്വർണപ്പാളി മോഷണത്തിൽ പങ്കില്ലെന്ന് മുരാരി ബാബു പ്രതികരിച്ചു. ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ലെന്നും മുരാരി ബാബു പറഞ്ഞു. ദേവസ്വം ബോർഡിന്റെ നടപടി ശിരസാവഹിക്കുന്നു. അനുസരിക്കുന്നു. അതിനെ വിമർശിക്കുന്നില്ല. തനിക്ക് 30 വർഷത്തെ സർവീസുള്ളയാളാണ്. ദേവസ്വം ബോർഡിന് വിധേയനായിട്ടേ പ്രവർത്തിച്ചിട്ടുള്ളൂ. നടപടിക്കെതിരെ നിയമനടപടിക്ക് പോവുന്നില്ലെന്നും മുരാരി ബാബു വ്യക്തമാക്കി.
ചെമ്പ് തകിട്, ചെമ്പിൽ പൊതിഞ്ഞത്, ചെമ്പുപാളി, ചെമ്പ് പൂശിയത് ഇതിലേതാണെന്നൊക്കെ ബന്ധപ്പെട്ടവർ അന്വേഷിക്കട്ടെ. ചെമ്പുപാളിയാണെന്ന് തെളിഞ്ഞതായിരുന്നു. താൻ സത്യസന്ധമായാണ് പറയുന്നത്. അടിസ്ഥാന ലോഹം എന്താണോ അതാണല്ലോ പറയുക. നടപടിയെടുത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോർഡ് തന്നെ പറയട്ടെ. വിശദീകരണം ചോദിച്ചാൽ കൊടുക്കും. താൻ പറഞ്ഞത് ദേവസ്വം ബോർഡ് തിരുത്തുമ്പോൾ അത് സ്വർണപ്പാളിയാണെന്ന് അവർ പറയണം. അത് ബോർഡ് പറയേണ്ട കാര്യമാണ്. താനൊരു പ്രാഥമിക റിപ്പോർട്ടാണ് കൊടുത്തത്. തന്റെ റിപ്പോർട്ടിന്മേൽ അതുപോലെ തീരുമാനമെടുക്കുകയല്ലല്ലോ വേണ്ടത്. സാങ്കേതികവിദഗ്ധരും ഉദ്യോഗസ്ഥരും പരിശോധിച്ചല്ലേ തീരുമാനിക്കേണ്ടതെന്നും മുരാരി ബാബു ചോദിച്ചു.
ദേവസ്വം ബോർഡിന് തെറ്റ് പറ്റിയെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് താൻ അങ്ങനെയൊന്നും പറയുന്നില്ലെന്നായിരുന്നു മുരാരി ബാബുവിന്റെ മറുപടി. നടപടി ഏകപക്ഷീയമാണെന്നും പറയുന്നില്ല. സ്വർണപ്പാളി കൊണ്ടുപോയ വിഷയത്തിലല്ല തന്നെ സസ്‌പെൻഡ് ചെയ്തത്. ഇതൊരു ശിക്ഷാനടപടിയല്ല. സത്യം തെളിയും. സസ്‌പെൻഷൻ അറിഞ്ഞത് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോഴാണ്. തന്ത്രിയുടെ കത്ത് വാങ്ങിയാണ് താൻ പ്രാഥമിക റിപ്പോർട്ട് നൽകിയത്. അതൊരു നടപടിക്രമമാണ്. തന്ത്രിയെ ചാരുകയല്ല. അത് ചെമ്പുപാളിയായത് കൊണ്ടാണ് അങ്ങനെയെഴുതിയത്. അത് കണ്ടതുകൊണ്ടാണ് അങ്ങനെയെഴുതിയത്.
റിപ്പോർട്ട് പരിശോധിക്കാൻ എക്‌സിക്യുട്ടീവ് ഓഫീസറും അതിനു മുകളിൽ ദേവസ്വം കമ്മീഷണറും അതിന് മുകളിൽ ബോർഡുമുണ്ട്. ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശാമെന്ന അപേക്ഷ നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. അപേക്ഷ കിട്ടിയത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കാണ്. അപക്ഷേ അംഗീകരിക്കുന്നതിന് തന്ത്രിയുടെ കത്ത് ആവശ്യമായിരുന്നു. അത് വാങ്ങി താൻ റിപ്പോർട്ട് നൽകി. ഒരാൾ ചെയ്യാൻ തയാറായി വരുമ്പോഴല്ലേ നമ്മൾ അതിലേക്ക് കടക്കുന്നത്. തീരുമാനമെടുക്കേണ്ടത് സ്വയംഭരണാവകാശമുള്ള സംവിധാനമായ ബോർഡാണ്. തന്നോട് ചോദിച്ചാൽ പറയാനുള്ളത് പറയും- മുരാരി ബാബു കൂട്ടിച്ചേർത്തു.