മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നേവിയിൽനിന്ന് വിവരങ്ങൾ തേടുമെന്ന് കോസ്റ്റൽ പൊലീസ്

ബോട്ടിൽ നിന്നും കണ്ടെടുത്ത വെടിയുണ്ട പട്ടാളക്കാർ ഉപയോഗിക്കുന്നതല്ലെന്ന നാവിക സേനയുടെ വാദത്തിൽ പോലീസ് കൂടുതൽ വ്യക്തത വരുത്തും. ബോട്ടിൽ നിന്നും ലഭിച്ച വെടിയുണ്ടയുടെ തരം, അത് ഉപയോഗിക്കുന്ന തോക്ക് എന്നിവയിൽ നാവികസേനയോട് വിശദീകരണം തേടും.

Update: 2022-09-08 00:58 GMT
Advertising

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നേവിയിൽ നിന്നും വിവരങ്ങൾതേടുമെന്ന് കോസ്റ്റൽ പൊലീസ്. പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിവെച്ചതാകമെന്ന വാദം നാവികസേനാ അധികൃതർ തള്ളിയിരുന്നു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് മൽസ്യത്തൊഴിലാളികളുടെ ആവശ്യം.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ, ഫോർട്ടുകൊച്ചി നാവീക പരിശിലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളിയായ സെബാസ്റ്റ്യന് വെടിയേറ്റത്. വൈപ്പിനിലേക്ക് മത്സ്യവുമായി മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ബോട്ടിൽ നിന്നും കണ്ടെടുത്ത വെടിയുണ്ട പട്ടാളക്കാർ ഉപയോഗിക്കുന്നതല്ലെന്ന നാവിക സേനയുടെ വാദത്തിൽ പോലീസ് കൂടുതൽ വ്യക്തത വരുത്തും. ബോട്ടിൽ നിന്നും ലഭിച്ച വെടിയുണ്ടയുടെ തരം, അത് ഉപയോഗിക്കുന്ന തോക്ക് എന്നിവയിൽ നാവികസേനയോട് വിശദീകരണം തേടും. നാവികസേന അല്ലെങ്കിൽ, അതീവ സുരക്ഷാ മേഖലയിൽ ആര് തോക്ക് ഉപയോഗിച്ചു എന്നതും കണ്ടത്തേണ്ടി വരും

മത്സ്യത്തൊഴിലാളികളും അപ്രതീക്ഷിത വെടിവെപ്പിന്റെ ഞെട്ടലിലാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും, അല്ലെങ്കിൽ സമരം നടത്തുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News