മലപ്പുറം: പാണ്ടിക്കാട്, വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റിൽ. ആസൂത്രണം നടത്തിയവരാണ് അറസ്റ്റിലായത്.
കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദുള്‍ റൗഫ്, മഞ്ചേരി പുല്ലാര സ്വദേശി ഉമ്മര്‍, കൊണ്ടോട്ടി സ്വദേശി സവാദ്, മമ്പാട് സ്വദേശി മുഹമ്മദ് ഷിഹാന്‍, ഒടായിക്കല്‍ സ്വദേശി അഫിന്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ മുഖ്യസൂത്രധാരന്‍മാരടക്കം പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പാണ്ടിക്കാട് സ്വദേശി അബ്ദുവിൻ്റെ വീട്ടിൽ അഞ്ച് പേരടങ്ങിയ സംഘം അതിക്രമിച്ച് കയറി മോഷണം നടത്തിയത്.
പർദ ധരിച്ചെത്തിയ സംഘം, മതിൽ ചാടിക്കടന്നാണ് വീട്ടുകാരെ ആയുധമുൾപ്പെടെ ഉപയോഗിച്ച് പരിക്കേൽപ്പിച്ചത്. അബ്ദു, ഭാര്യ, ഇവരുടെ രണ്ട് പെൺമക്കൾ, അവരുടെ കുട്ടികൾ എന്നിവരാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട് മുഴുവൻ പരിശോധന നടത്തിയ സംഘം, എതിർക്കാൻ ശ്രമിച്ച വീട്ടുകാരെ ആയുധമുൾപ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
വീട്ടിലെ ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ ആക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.