മേയർക്കൊപ്പം കോൺഗ്രസ് നേതാവിന്റെ ഖബറിടം സന്ദർശിച്ച ബിന്ദു കൃഷ്ണക്കെതിരെ വിദ്വേഷ പ്രചാരണം

അവനവന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ചുകൊണ്ട് എല്ലാമതങ്ങളെയും അവയുടെ ആചാരങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനുമാണ് താൻ പഠിച്ചതെന്നും അത് തുടരുമെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Update: 2026-01-05 15:58 GMT

കൊല്ലം: കൊല്ലം മേയർ എ.കെ ഹഫീസിനൊപ്പം കോൺഗ്രസ് നേതാവിന്റെ ഖബറിടം സന്ദർശിച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണയ്ക്കെതിരെ വിദ്വേഷ പ്രചാരണം. ഹഫീസ് ചുമതലയേൽക്കുന്നതിന്റെ തലേന്ന് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്തെ മൺമറഞ്ഞ കോൺഗ്രസ് നേതാക്കളുടെ സ്മൃത മണ്ഡപങ്ങൾ സന്ദർശിച്ചിരുന്നു. ഇതിന്റെ പേരിലാണ് വിദ്വേഷ പ്രചാരണം നടക്കുന്നതെന്ന് ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആർ.ശങ്കർ, സി.എം സ്റ്റീഫൻ ഉൾപ്പെടെയുള്ള കൊല്ലത്തെ പ്രധാന നേതാക്കളുടെ സ്മൃതികുടീരങ്ങൾ തങ്ങൾ സന്ദർശിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയും ഒരുകാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുഖവുമായിരുന്ന എ.എ റഹീം സാറിന്റെ ഖബറിടത്തിലും കൂട്ടത്തിൽ പോയിരുന്നു. ജോനകപ്പുറം പള്ളിയുടെ വരാന്തയോട് ചേർന്നുള്ള അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിക്കുന്ന വേളയിൽ ആദരസൂചകമായി താൻ തലമുടി മറക്കുകയും പ്രാർത്ഥനാ സമയത്ത് ബഹുമാനാദരവുകളോടെ നിൽക്കുകയും ചെയ്തു.

Advertising
Advertising

അപ്പോൾ എടുത്ത വീഡിയോ വ്യത്യസ്തമായ തലക്കെട്ടോട് കൂടി പിന്നീട് പ്രചരിപ്പിക്കുന്നതാണ് കണ്ടത്. വ്യക്തിപരമായി തന്നെ തേജോവധം ചെയ്തും അപരമത വിദ്വേഷം പരത്തിയും പ്രസ്തുത വീഡിയോ ഒരുപാട് പ്രചരിക്കുന്നുണ്ട്. അവനവന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ചുകൊണ്ട് എല്ലാമതങ്ങളെയും അവയുടെ ആചാരങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനുമാണ് താൻ പഠിച്ചതെന്നും അത് തുടരുമെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

വർഗീയതയുടെയും വിദ്വേഷത്തിന്റെയും പ്രചാരകർ നമ്മുടെ നാടിനെ മലീമസമാക്കാൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് നേരിട്ടറിഞ്ഞ ഒരനുഭവം പങ്കുവെയ്ക്കട്ടെ. കൊല്ലം കോർപ്പറേഷനിലെ ചരിത്രവിജയത്തെ തുടർന്ന് മേയറായി പ്രിയപ്പെട്ട ഹഫീസ്ക്ക ചുമതല ഏൽക്കുന്നതിന്റെ തലേനാൾ കോൺഗ്രസ് പ്രവർത്തകർ ഹഫീസിക്കയുമായി കൊല്ലത്തെ മണ്മറഞ്ഞ കോൺഗ്രസ് നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽ അനുഗ്രഹം തേടി സന്ദർശിച്ചിരുന്നു.

യശശ്ശരീരരായ ആർ ശങ്കർ, സി.എം സ്റ്റീഫൻ ഉൾപ്പെടെയുള്ള കൊല്ലത്തെ പ്രധാന നേതാക്കളുടെ സ്മൃതികുടീരങ്ങൾ ഞങ്ങൾ സന്ദർശിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയും ഒരുകാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുഖവുമായിരുന്ന എ.എ റഹീം സാറിന്റെ ഖബറിടത്തിലും കൂട്ടത്തിൽ പോയിരുന്നു. ജോനകപ്പുറം പള്ളിയുടെ വരാന്തയോട് ചേർന്നുള്ള അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിക്കുന്ന വേളയിൽ ആദരസൂചകമായി ഞാൻ തലമുടി മറക്കുകയും പ്രാർത്ഥനാ സമയത്ത് അതേ ബഹുമാനാദരവുകളോടെ നിലകൊള്ളുകയും ചെയ്തു.

ദൗർഭാഗ്യകരം എന്ന് പറയട്ടെ, അന്നേരം എടുത്ത വീഡിയോ വ്യത്യസ്തമായ തലക്കെട്ടോട് കൂടി പിന്നീട് പ്രചരിക്കുന്നതാണ് കണ്ടത്. വ്യക്തിപരമായി എന്നെ തേജോവധം ചെയ്തും അപരമത വിദ്വേഷം പരത്തിയും പ്രസ്തുത വീഡിയോ ഒരുപാട് പ്രചരിക്കുന്നുണ്ട്.

അവനവന്റെ വിശ്വാസങ്ങളെ മുറുകെപിടിച്ചു കൊണ്ട് എല്ലാമതങ്ങളെയും അവയുടെ ആചാരങ്ങളെയും ആദരിച്ചും ബഹുമാനിച്ചും തന്നെയാണ് ഇത്രയും കാലം നമ്മളിവിടെ ജീവിച്ചത്. ചെറുപ്പം തൊട്ടേ നാം ശീലിച്ചു വന്നിട്ടുള്ളതും അതുതന്നെയാണ്. എന്റെ വീട്ടിൽ നിന്ന് ഞാൻ പഠിച്ചതും കോൺഗ്രസ് പ്രസ്ഥാനം എനിക്ക് കാണിച്ചു തന്നതും അമ്പലത്തിലും പള്ളിയിലും പോകാനും പോകാതിരിക്കാനും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. അതിലുപരി പരസ്പര ബഹുമാനത്തോടെയുള്ള സഹവർത്തിത്വം സാധ്യമാകുന്ന ഒരിടമായി നമ്മുടെ സമൂഹത്തെ സംരക്ഷിക്കലാണ്. അതുകൊണ്ടാണ് മുസ്‌ലിം-ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ ചെല്ലുമ്പോൾ ഞാൻ തലമറക്കുന്നതും മര്യാദപൂർവം പെരുമാറുന്നതും. ഇതെല്ലാം വിശദീകരിക്കേണ്ടി വരുന്ന ദുരവസ്ഥയിൽ നമ്മുടെ നാട് എത്തിച്ചേർന്നു എന്ന ദുഃഖം മാത്രമാണ് എനിക്കുള്ളത്. വെറുപ്പിനെ സ്നേഹം കൊണ്ട് തോൽപ്പിക്കാൻ നമുക്ക്‌ കഴിയട്ടെ.

Full View

Tags:    

Similar News