സ്‌കൂളുകളിൽ പാദപൂജ; വിദ്യാർഥികളെ ബ്രാഹ്മണാധിപത്യത്തിന്റെ വിവേചന വിഴുപ്പ് പേറിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കും; നഈം ഗഫൂർ
മനുഷ്യരെ തന്നെ തട്ടുകളാക്കി തിരിച്ച് ശ്രേഷ്ഠതയും നീചത്വവും കൽപ്പിക്കുന്ന ബ്രഹ്മണിസമെന്ന പ്രത്യയ ശാസ്ത്രമാണ്. അതിലേക്ക് പുതിയ തലമുറയെ എത്തിക്കുകയെന്ന സംഘ്പരിവാർ അജണ്ട വ്യാമോഹം മാത്രമാണെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാനികേതൻ സ്‌കൂളുകളിൽ വ്യാസ ജയന്തി ദിനത്തോടനുബന്ധിച്ച് ഗുരുപൂർണിമ എന്ന പേരിൽ വിദ്യാർഥികളെ കൊണ്ട് നിർബന്ധിച്ച് അധ്യാപകരുടെയും ബിജെപി നേതാക്കളുടെയും കാൽ കഴുകിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ.
കാസർഗോഡും ആലപ്പുഴയിലും കണ്ണൂരിലും ഈ ഹീനമായ പ്രവൃത്തി നടന്നു. അറിവും വിജ്ഞാനവും കൊണ്ട് അനീതികളെ ചോദ്യം ചെയ്യാൻ പ്രാപ്തരാകേണ്ട വിദ്യാർഥികളെ ബ്രാഹ്മണാധിപത്യത്തിന്റെ വിവേചന വിഴുപ്പ് പേറിക്കാനുള്ള നീക്കങ്ങളെ അംഗീകരിക്കാൻ കഴിയില്ല. അതിനെ ചെറുത്തുതോൽപ്പിക്കും. അധ്യാപകരും വിദ്യാർഥികളും തമ്മിൽ ജനാധിപത്യപരവും സംവാദാത്മകവുമായ ബന്ധങ്ങളാണ് ഉണ്ടാകേണ്ടതെന്നും നഈം പറഞ്ഞു.
വിവേചനരഹിതമായ പരസ്പര ബഹുമാനവും സ്‌നേഹവും ആ ബന്ധത്തിൽ ജൈവികമായി ഉൾച്ചേരേണ്ടതാണ്. അതിനെയെല്ലാം റദ്ദ് ചെയ്ത്, വിദ്യാർഥികളെ അടിമ മനോഭാവത്തോടെ കാണുന്ന, വിദ്യാർഥികളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കിയ നടപടിയാണ് വിദ്യാനികേതൻ സ്‌കൂളുകളിൽ നടന്നത്. ഇതിന്റെയടിസ്ഥാനം മനുഷ്യരെ തന്നെ തട്ടുകളാക്കി തിരിച്ച് ശ്രേഷ്ഠതയും നീചത്വവും കൽപ്പിക്കുന്ന ബ്രഹ്മണിസമെന്ന പ്രത്യയ ശാസ്ത്രമാണ്. അതിലേക്ക് പുതിയ തലമുറയെ എത്തിക്കുകയെന്ന സംഘ്പരിവാർ അജണ്ട വ്യാമോഹം മാത്രമാണെന്നും നഈം വ്യക്തമാക്കി.
വിദ്യാനികേതൻ സ്‌കൂളുകളിൽ നടന്ന ഗുരുപൂർണിമ ആഘോഷങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ആർഎസ്എസ് നേതൃത്വത്തിൽ നടന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരികയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. വിദ്യാർത്ഥികളെക്കൊണ്ട് പാദ പൂജ ചെയ്യിപ്പിച്ച മുഴുവൻ അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കുമെതിരെ സർക്കാർ നടപടിയെടുക്കണമെന്നും നഈം ഗഫൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.