എസ്ഐ അനൂപ് കൂടുതൽ യുവാക്കളെ മർദിക്കുന്ന ദൃശ്യം പുറത്ത്; സത്താറിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

അനൂപ് എസ്‌ഐയായിരുന്ന സമയത്ത് നിരപരാധികളെ കള്ളക്കേസിൽ കുടുക്കിയെന്നും പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നടക്കം നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.

Update: 2024-10-12 11:01 GMT

കാസർകോട്: ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ മരണത്തിനു കാരണക്കാരനായ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷൻ എസ്ഐ അനൂപ് കൂടുതൽ യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഞ്ചേശ്വരം എസ്ഐ ആയിരുന്ന സമയത്ത് ഉപ്പള പത്വാടി റോഡിൽ യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുമ്പളയിലെ യുവാക്കൾ ഉപ്പള പത്‌വാടിയിൽ എത്തിയപ്പോഴായിരുന്നു പൊലീസ് അതിക്രമം.

ആദ്യം കയർക്കുകയും പിന്നീട് മർദിക്കുകയും ചെയ്യുമ്പോൾ എസ്‌ഐയെ യുവാക്കൾ പ്രതിരോധിച്ചിരുന്നു. ഇതോടെ എസ്‌ഐയെ മർദിച്ചെന്നാരോപിച്ച് ഇവരെ ജീപ്പിൽ കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. മഞ്ചേശ്വരത്ത് എസ്‌ഐയായിരുന്ന സമയത്ത് ഇങ്ങനെ നിരവധി പരാതികൾ അനൂപിനെതിരെ ഉയർന്നിട്ടുണ്ട്. അനൂപ് എസ്‌ഐയായിരുന്ന സമയത്ത് പലഘട്ടങ്ങളിലും അനാവശ്യമായി ഇടപെട്ടെന്നും നിരപരാധികളെ കള്ളക്കേസിൽ കുടുക്കിയെന്നും പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് പരാതി.

Advertising
Advertising

വാഹന പരിശോധനയുടെ പേരിൽ പൊതുജനങ്ങളെയും ഓട്ടോറിക്ഷാ ഡ്രൈവർമാരേയും പ്രയാസപ്പെടുത്തിയിരുന്നു എന്നും നാട്ടുകാർ പറയുന്നു. മുമ്പ് ഒരു പരിപാടി നടന്ന സ്ഥലത്തെത്തിയ മുഴുവൻ വാഹനങ്ങളും എസ്‌ഐ അനൂപ് പരിശോധിക്കുന്ന സാഹചര്യമുണ്ടാവുകയും തുടർന്ന് എംഎൽഎ ഇടപെട്ട് പരിശോധന അവിടെനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ തയാറായിരുന്നില്ല. ഇത്തരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നിരവധി സംഭവങ്ങൾ അനൂപിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം.

സമാനമായാണ് ഇന്നലെ പുറത്തുവന്ന വീഡിയോയും. ജൂൺ 22ന് കാസർകോട്ടെ ഒരു ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതിനു ശേഷമായിരുന്നു സത്താർ എന്ന ഓട്ടോഡ്രൈവറുടെ ആത്മഹത്യയിലേക്ക് നയിച്ച പീഡനം. ഇദ്ദേഹത്തിന്റെ ഓട്ടോ വാഹനഗതാഗതം തടസപ്പെടുത്തുന്ന വിധത്തിൽ പാർക്ക് ചെയ്‌തെന്നാരോപിച്ച് കസ്റ്റഡിയിലെടുക്കുകയും അഞ്ച് ദിവസം പൊലീസ് സ്റ്റേഷൻ പരിസരത്ത് പിടിച്ചിടുകയും വിട്ടുകൊടുക്കാത്തതിൽ മനംനൊന്ത് ഒടുവിൽ സത്താർ ജീവനൊടുക്കുകയുമായിരുന്നു. ഇന്നലെ മറ്റൊരു ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ എസ്‌ഐ അനൂപിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഇയാൾക്കെതിരെ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. സസ്‌പെൻഷൻ പോരാ, കേസെടുക്കണമെന്നടക്കമുള്ള ആവശ്യം ശക്തമാണ്. സത്താറിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്‌ഐ അനൂപിനെതിരെ ജില്ലാ പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരുവിലാണ് സത്താറിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെയെത്തി സത്താറിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും.

ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നാണ് വിവരം. സത്താർ സിഐടിയു പ്രവർത്തകനാണ്. സിഐടിയു പ്രവർത്തകരടക്കം എസ്‌ഐയ്‌ക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളും കൂടുതൽ നടപടിയാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളടക്കം നടത്തുകയും ചെയ്തു.


Full View



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News