സെമിനാറിൽ വിഷപാമ്പുകളെ പ്രദർശിപ്പിച്ചു; വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു

ഡി.എഫ്. ഒ യുടെ നിർദേശപ്രകാരം താമരശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്

By :  Web Desk
Update: 2022-11-30 07:29 GMT
Advertising

കോഴിക്കോട്: മെഡിക്കൽ കോളജിലെ സെമിനാറിൽ വിഷപാമ്പുകളെ പ്രദർശിപ്പിച്ചെന്ന പരാതിയിൽ വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. ഡി.എഫ്. ഒ യുടെ നിർദേശപ്രകാരം താമരശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്. പാമ്പുകളെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവക്കാണ് കേസെടുത്തിരിക്കുന്നത്.  കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സർവീസ് ഡിപ്പാർട്ട്‌മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്.

പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോൾ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. പരിപാടിക്കെതിരെ രൂക്ഷമായ വിമർശനമാണ് വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടായത്. സോഷ്യല്‍മീഡിയയിലും വാവ സുരേഷിനെതിരെ വലിയ  വിമര്‍ശനമാണ് ഉയര്‍ന്നത്.

അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷിന്റെ രീതിക്കെതിരെ നേരത്തെ തന്നെ വലിയ വിമർശനം ഉയർന്നിരുന്നു. നിരവധി തവണ വാവ സുരേഷിന് പാമ്പുകടിയേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂർഖൻ പാമ്പ് കടിച്ചത്.

Full View

Tags:    

Similar News