ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ചോദ്യം ചെയ്യും
ശബരിമല ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശാനായി കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു എ. പത്മകുമാർ.
Photo| Special Arrangement
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ചോദ്യം ചെയ്യാൻ എസ്ഐടി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പത്മകുമാറിന് നോട്ടീസ് നൽകും. ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തെ തീരുമാനം.
ശബരിമല ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശാനായി കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു എ. പത്മകുമാർ. അന്ന് ബോർഡ് അംഗങ്ങളായിരുന്ന രണ്ട് പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുമെന്ന് പത്മകുമാറിനെ അന്വേഷണ സംഘം അറിയിച്ചിരുന്നു. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും പത്മകുമാർ അസൗകര്യം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ന് വീണ്ടും നോട്ടീസ് നൽകാനുള്ള തീരുമാനം.
ഇന്നലെ അറസ്റ്റിലായ എൻ. വാസുവും മുമ്പ് പിടിയിലായ മുരാരി ബാബുവും ഉൾപ്പെടെ നൽകിയ മൊഴി പത്മകുമാറിനെതിരാണെന്നാണ് വിവരം. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കുമുൾപ്പെടെ സ്വർണക്കൊള്ളയെക്കുറിച്ച് അറിയാമായിരുന്നെന്നും സ്വർണപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഇവർ കണ്ടതാണെന്നും ഇവരുടെ കൂടി അറിവോടെയാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിട്ടതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
ഇതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെയും അംഗങ്ങളേയും പ്രതിസന്ധിയിലാക്കുന്നത്. ഇവർക്കെതിരായ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. നേരത്തെ ചില രേഖകൾ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ, മുമ്പ് അറസ്റ്റിലായവരുടെ മൊഴികൾ സാധൂകരിക്കപ്പെടുകയാണെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.