ഫ്രഷ് കട്ട്: കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് നിരാഹാരത്തിലേക്ക്; മരണം വരെ സമരമെന്ന് സമരസമിതി

സമരക്കാരെ ഭീകരവത്കരിക്കുകയും പൊലീസ് സംരക്ഷണയിൽ കമ്പനി പ്രവർത്തനമാരംഭിക്കുകയും ചെയ്തെന്ന് സമരസമിതി.

Update: 2025-11-12 06:33 GMT

Photo| MediaOne

കോഴിക്കോട്: ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ നിരാഹാര സമരവുമായി ഇരകൾ. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറ നാളെ മുതൽ അമ്പലമുക്കിലെ സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരമാരംഭിക്കും. കമ്പനി പ്രവർത്തനം പുനരാരംഭിച്ചതോടെ ദുർഗന്ധം വീണ്ടും രൂക്ഷമായതായും ജീവിതം ദുസ്സഹമായതായും പ്രദേശവാസികൾ പറഞ്ഞു. മാലിന്യക്കമ്പനി അടച്ചുപൂട്ടുന്നത് വരെ നിരാഹാര സമരം തുടരുമെന്നും ബിജു കണ്ണന്തറ പറഞ്ഞു.

സമരക്കാരെ ഭീകരവത്കരിക്കുകയും പൊലീസ് സംരക്ഷണയിൽ കമ്പനി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. നിരാഹാരമല്ലാതെ മറ്റ് മാർഗമില്ലെന്നും കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന ഫ്രഷ് കട്ട്- പൊലീസ്- ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ മരണം വരെ പൊരുതുമെന്നും സമരസമിതി അറിയിച്ചു.

Advertising
Advertising

ഇന്നലെ സമരസഹായ സമിതി സംഘടിപ്പിച്ച ഫ്രഷ് കട്ട് വിരുദ്ധ മഹാറാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്. നാല് പഞ്ചായത്തുകളിൽ നിന്നായി ആയിരക്കണക്കിന് പേരാണ് ഫ്രഷ് കട്ടിനെതിരെ തെരുവിലിറങ്ങിയത്.

സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കമുള്ള സമരക്കാർ, കമ്പനി അടച്ച് പൂട്ടുംവരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. ശുദ്ധവായുവും ശുദ്ധജലവും മാത്രമാണ് ചോദിക്കുന്നതെന്നും ഇരകളെ വേട്ടയാടുന്ന പൊലീസ് രീതി അവസാനിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം നടന്ന അക്രമസംഭവങ്ങളിൽ 300ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവം കഴിഞ്ഞ് 25 ദിവസത്തോളമായെങ്കിലും പലരും ഇപ്പോഴും ഒളിവിലാണ്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News