'ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ'; അനാഥാലയത്തിൽ നിന്നും അസിസ്റ്റൻ്റ് പ്രൊഫസറിലേക്ക് , കയ്യടിച്ചുപോകും വിജയകുമാറിന്‍റെ കഥ കേട്ടാൽ

ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം തുടങ്ങിയ എനിക്ക് ഇങ്ങനൊരു പദവി കൈവന്നതിൽ എന്നെക്കാളധികം ആത്മാർഥമായി സന്തോഷിക്കുന്നവർ ഉണ്ട്

Update: 2026-03-06 06:42 GMT

കോട്ടയം: അനാഥത്വത്തിന്‍റെയും ഇല്ലായ്മയുടെയും തീരത്ത് നിന്നും സ്വയം ജീവിതം കെട്ടിപ്പടുത്തിരിക്കുകയാണ് വിജയകുമാര്‍ അശോകൻ എന്ന യുവാവ്. മാതാപിതാക്കളുടെ സ്നേഹ വാത്സല്യങ്ങളോ കുടുംബത്തിന്‍റെ സാമ്പത്തികമായ പിന്തുണയോ വീടിന്‍റെ സുരക്ഷിതത്വമോ ജീവിതവഴികളിൽ ഒരിക്കലും വിജയകുമാറിനൊപ്പമുണ്ടായിരുന്നില്ല. പക്ഷേ ഇന്നയാൾ  പാലക്കാട് ഗവ. വിക്ടോറിയ കോളജ് മലയാളവിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് . പ്രതിസന്ധികളിൽ തളര്‍ന്നുവീഴാതെ ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കണ്ട വിജയകുമാറിന്‍റെ ജീവിതം സമൂഹത്തിന് ഒരു നല്ല മാതൃകയാണ്.

Advertising
Advertising

വിജയകുമാറിന്‍റെ കുറിപ്പ്

അനാഥാലയത്തിൽ നിന്നും അസിസ്റ്റൻ്റ് പ്രൊഫസറിലേക്ക്

2026 ഫെബ്രുവരി 13 എൻ്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.സ്ഥിരമായ സർക്കാർ ജോലി ലഭിക്കുകയെന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും അത്യധികം സന്തോഷം ജനിപ്പിക്കുന്ന കാര്യമാണ്. സാമ്പത്തികസുരക്ഷിതത്വം,സാമൂഹികപദവി എന്നിവയൊക്കെ ആ ജോലിയാൽ കൈവരുന്നു എന്നതുംകൂടിയാണ് അതിനെ പിന്നിലെ കാരണം. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഈ കുറിപ്പെഴുതാൻ ഇപ്പോഴാണ് തോന്നലുണ്ടായത്. എന്നെ സ്നേഹിക്കുന്ന, എന്നെ നന്നായി അറിയുന്ന സുഹൃത്തുക്കൾ, അധ്യാപകർ എന്നിവരൊക്കെ എൻ്റെ ഈ കുറിപ്പിനുവേണ്ടി കാത്തിരിക്കുന്നുണ്ടാവും എന്നെനിക്ക് അറിയാം. കാരണം ഈ ജോലി എന്നത് എനിക്ക് അത്രമാത്രം പ്രധാനമായിരുന്നുവെന്ന് അവർക്കറിയാം.

ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം തുടങ്ങിയ എനിക്ക് ഇങ്ങനൊരു പദവി കൈവന്നതിൽ എന്നെക്കാളധികം ആത്മാർഥമായി സന്തോഷിക്കുന്നവർ ഉണ്ട്. എൻ്റെ ജീവിതത്തിലെ സന്തോഷത്തെയും ദുഃഖത്തെയും ഏതൊരു വികാരത്തെയും ഞാൻ ഒരേ പാറ്റേണിലാണ് പരിഗണിക്കുന്നത്. അധിക സന്തോഷത്തിലേക്കോ അധികദുഃഖത്തിലേക്കോ അതിനെ കടക്കാൻ ഞാൻ അനുവദിക്കാറില്ല. എൻ്റെ ജീവിതം പലവിധസാഹചര്യങ്ങളിൽ വൈകാരികമായി ആ നിലയിൽ പരുവപ്പെട്ടുകഴിഞ്ഞു. മൂന്നാം വയസിലാണ് ഞാൻ അനാഥനായത്. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ഞങ്ങൾ നാലുമക്കളും എട്ട് വയസ് വരെ വല്യമ്മച്ചിയുടെ ( അച്ഛൻ്റെ അമ്മ) സംരക്ഷണത്തിലായിരുന്നു. എന്നാൽ വല്യമ്മച്ചിയുടെ മരണശേഷം എൻ്റെ അമ്മായി( അച്ഛൻ്റെ സഹോദരി) ആണ് ഞങ്ങളെ നോക്കിയത്. എന്നാൽ അവിടുത്തെ സാഹചര്യങ്ങൾ കാരണം പിന്നീട് കോട്ടയം ജില്ലയിലെ ചെങ്ങളം ഈസ്റ്റിലെ ബത് ലെഹേം ബാലഭവൻ എന്ന സ്ഥാപനത്തിൽ ഞങ്ങളെ അമ്മായി കൊണ്ടുപോയി ചേർത്തു. ആരോരുമില്ലാത്തവർക്കും സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും അഭയവും അന്നവും അക്ഷരവും നൽകിവന്നിരുന്ന ഒരു സ്ഥാപനം. അവിടെയാണ് ഞാൻ ഡിഗ്രി വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ( ഡിഗ്രി പാലാ സെൻ്റ് തോമസ് കോളജിൽ ആയിരുന്നു.യൂണിവേഴ്സിറ്റി രണ്ടാം റാങ്കോടുകൂടി വിജയിച്ചു). ഇരുപതാമത്തെ വയസ്സിൽ, ബാലഭവനിലെ പതിമൂന്നുവർഷത്തെ ജീവിതം പൂർത്തിയാക്കി അവിടുന്ന് ഇറങ്ങി. എനിക്ക് പഠിക്കാനും ജീവിക്കാനും ഉള്ള എല്ലാ സൗകര്യങ്ങളും പ്രോത്സാഹനങ്ങളും ബാലഭവനിൽ ഞങ്ങളുടെ അച്ചാച്ചൻ ചെയ്തുതന്നു.

ചെറുപ്പം മുതൽ നന്നായി പഠിച്ചു എന്നത് തന്നെയാണ് എൻ്റെ ഈ വിജയത്തിൻ്റെ അടിസ്ഥാനമായി ഞാൻ കാണുന്നത്. ഡിഗ്രിപഠനത്തിന് ശേഷം പിജി ചെയ്യാനായി ഞാൻ പോയത് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലായിരുന്നു. പ്രവേശനപ്പരീക്ഷയിൽ മുൻനിരയിലുണ്ടായിരുന്നതുകൊണ്ടുതന്നെ കാലടി മുഖ്യകേന്ദ്രത്തിൽ അഡ്മിഷൻ ലഭിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൻ്റെ ഹയർ എഡ്യുക്കേഷൻ സ്കോളർഷിപ്പ് അന്ന് എനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. പിജി പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ യുജിസി നെറ്റും ജെ.ആർ.എഫും ഞാൻ കരസ്ഥമാക്കി. അതിനുശേഷമാണ് എം.ഫിൽ ചെയ്യാനായി കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലേക്ക് വരുന്നത്.

ഒന്നാം റാങ്കോടുകൂടി എം.ഫിൽ പൂർത്തിയാക്കി. തുടർന്ന് അവിടെ തന്നെ ഡോ.സി.ആർ. പ്രസാദ് സാറിൻ്റെ മാർഗനിർദേശത്തിൽ ജെആർഎഫോടുകൂടി പിഎച്ച്ഡി യും പൂർത്തിയാക്കി. പ്രബന്ധസമർപ്പണത്തിനു ശേഷം ഇപ്പോൾ ഓപ്പൺ ഡിഫൻസിനായി കാത്തിരിക്കുന്നു. പഠനം മാത്രമായിരുന്നു എൻ്റെ മൂലധനം എന്ന് കാണിക്കാനാണ് ഇത് ഞാൻ പറഞ്ഞത്. സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയപരമോ കുടുംബപരമോ ആയ യാതൊരു പ്രിവിലേജുകളും ഇല്ലാതെ ഏറ്റവും സാധാരണമായി, നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിൽ പഠിച്ച് മാത്രം നേടിയ വിജയമാണിത്. കേരള പിഎസ്സി മുഖേന അസിസ്റ്റൻ്റ് പ്രൊഫസർ ജോലി ലഭിച്ചു എന്നതിൽ സന്തോഷത്തെക്കാൾ എനിക്ക് വളരെയധികം അഭിമാനമുണ്ട്. കാരണം ഒരു കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തിലും വിദ്യാഭ്യാസത്തിലും കരിയർ രൂപീകരണത്തിലും രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ്.

സാമൂഹികവും സാമ്പത്തികവും ജോലി/പദവി പരവും സാംസ്കാരികവുമായ ഭദ്രതയുള്ള രക്ഷിതാക്കൾക്ക് അവരുടെ മക്കളെ അതിനനുസരിച്ച് പരുവപ്പെടുത്തിയെടുക്കാനും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാനും സാധിക്കും. മക്കൾ അത് പ്രയോജനപ്പെടുത്തുകയും ചെയ്യും. മാത്രമല്ല; മേൽപ്പറഞ്ഞ തരത്തിലുള്ള ഭദ്രതകൾ ഉള്ള കുട്ടികൾക്കാകട്ടെ; ജീവിതത്തിൻ്റെ യാതൊരു പ്രാരാബ്ധങ്ങളും അറിയേണ്ടിയും വരില്ല. അവർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് അവർ ആഗ്രഹിക്കുന്നതുപോലെ യാത്രകളൊക്കെ പോയി ഇഷ്ടമുള്ള ജോലികൾ കിട്ടുന്നതിനുവേണ്ടി ധാരാളം വർഷങ്ങൾ പ്രയത്നിക്കാനൊക്കെ അവസരങ്ങൾ ലഭിക്കും. കാരണം അത്തരം കുട്ടികൾക്ക് കുടുംബപരമായ ഭൗതിക സാമ്പത്തിക സാഹചര്യങ്ങൾ അടിസ്ഥാനമായി ഉണ്ടാകും.

എന്നാൽ എന്നെപ്പോലെ സീറോയിൽ നിന്നും തുടങ്ങുന്ന കുട്ടികൾക്ക് ഇരട്ടി കഠിനാധ്വാനം ആണ് എടുക്കേണ്ടി വരുന്നത്. മാത്രമല്ല കുടുംബപരമായ ബാക്കപ്പ് ഇല്ലാത്തതുകൊണ്ടുതന്നെ മാനസികമായ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും. പരീക്ഷകൾക്ക് പഠിച്ചാൽ മാത്രം പോരാ; ഇത്തരം സാഹചര്യങ്ങളെക്കൂടി അതീജീവിച്ചാണ് ഞാനടങ്ങുന്ന സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള ഓരോ വിദ്യാർത്ഥിയും വളരുന്നത്. ഇതിനിടയിൽ പ്രായം കടന്നുപൊയ്ക്കൊണ്ടിരിക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News