വീണ്ടും ട്വിസ്റ്റ്: 'തൊഴിൽ പീഡനമില്ലെന്ന് ജെറിനെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിച്ചു, കൂടുതൽ ദൃശ്യങ്ങൾ കൈവശമുണ്ട്'; മുൻ മാനേജർ മനാഫ്
സത്യം പുറത്ത് വരാൻ താൻ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും മനാഫ് മീഡിയവണിനോട്
കൊച്ചി: തൊഴിൽ പീഡനമില്ലെന്ന് ജെറിനെക്കൊണ്ട് സ്ഥാപന ഉടമ ഉബൈൽ നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് മുൻ മാനേജർ മനാഫ് മീഡിയവണിനോട്. സ്ഥാപനത്തിലെ ജീവനക്കാർക്ക് നേരത്തെയും പണിഷ്മെൻ്റ് നൽകിയിട്ടുണ്ട്. സത്യം പുറത്ത് വരാൻ താൻ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കൂടുതൽ ദൃശ്യങ്ങൾ തെളിവായി കൈവശമുണ്ട്. ജെറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മനാഫ് പറഞ്ഞു.
തന്നെ പുറത്താക്കിയതല്ല,രാജിവെച്ചു പോയതാണെന്നും ലഹരി കേസിൽ പ്രതിയായെന്ന് പ്രചരിപ്പിക്കുകയാണെന്നും മനാഫ് പറഞ്ഞു.
അതേസമയം, കൊച്ചിയിൽ ജീവനക്കാരെ മുട്ടിലിഴയിച്ചത് തൊഴിൽ പീഡനത്തിന്റെ ഭാഗമായിട്ട് അല്ലെന്നായിരുന്നു ലേബർ വകുപ്പിന്‍റെ ന്യായീകരണം. കച്ചവടത്തിൽ ടാർഗറ്റ് ഉണ്ടായിരുന്നില്ലെന്നും സ്ഥാപനത്തിലെ മുൻ മാനേജർ മനാഫ് നിർബന്ധപൂർവം വീഡിയോ എടുക്കുന്നതിനായി മുട്ടിലിഴച്ചതാണെന്നും ജീവനക്കാരനായ ജെറിൻ പറഞ്ഞു.
സ്ഥാപന ഉടമ ഉബൈലിൻ്റെ അറിവോടെയായിരുന്നില്ല തന്നെ മുട്ടിലിഴയിച്ചതെന്നും ജെറിൻ പറഞ്ഞു. പെരുമ്പാവൂർ അറയ്ക്കപ്പടിയിലെ കെൽട്രോ എന്ന സ്ഥാപനത്തിൽ തൊഴിൽ പീഡനത്തിന്റെ ഭാഗമായിട്ടാണ് ജീവനക്കാരെ മുട്ടിലിഴയിച്ചത് എന്നാണ് ആരോപണം ഉയർന്നിരുന്നത്. എന്നാൽ യാതൊരു തരത്തിലുമുള്ള തൊഴിൽ പീഡനവും ഉണ്ടായിട്ടില്ല എന്നാണ് മുട്ടിലിഴഞ്ഞ ജെറിൻ തൊഴിൽ വകുപ്പിനും പൊലീസ് നൽകിയ മൊഴി.
സ്ഥാപന ഉടമ ഉബൈലിനെ കുടുക്കാനായി മുൻ മാനേജർ മനാഫ് ചെയ്യിപ്പിച്ചതാണെന്ന് ജെറിൻ പറഞ്ഞു.ഉബൈലിൽ ഇല്ലായിരുന്ന ദിവസം മനാഫ് സ്ഥാപനത്തിലെ മറ്റുള്ളവരെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതാണ്. പിന്നീട് മനാഫ് തന്നെ വീഡിയോ പുറത്തുവിട്ടതായും ജെറിൻ ആരോപിച്ചു. തൊഴിൽ ചൂഷണമുണ്ടായെന്ന് ആരും മൊഴി നൽകിയിട്ടില്ലെന്ന് ജില്ലാ ലേബർ ഓഫീസറും വ്യക്തമാക്കി.ജില്ലാ ലേബർ ഓഫീസർ തൊഴിൽ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.