ശബരിമല സ്വർണക്കൊള്ള; മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
കഴിഞ്ഞ ശനിയാഴ്ചയാണ് കടംകപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തും ചോദ്യം ചെയ്യലിന് വിധേയനായി. കടകംപള്ളിയും പി. എസ് പ്രശാന്തും ആരോപണങ്ങൾ നിഷേധിച്ചതായാണ് വിവരം. മൂന്നര മണിക്കൂറിലധികം സമയം ചോദ്യം ചെയ്തു എന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ചയാണ് കടംകപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. ബോർഡിൻ്റെ തീരുമാനങ്ങളിൽ താൻ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി മൊഴി നൽകി. എല്ലാ തീരുമാനങ്ങളും ബോർഡ് എടുത്തത്. സർക്കാരിലേക്ക് ഒരപേക്ഷയും വന്നിട്ടില്ല. സ്വർണം പൂശാനുള്ള ഒരു ഫയൽ നീക്കവും വകുപ്പ് നടത്തിയിട്ടില്ലെന്നും കടകംപള്ളി.
സ്വർണപ്പാളികൾ കൊണ്ടുപോകാൻ തീരുമാനമെടുത്തത് ദേവസ്വം ബോർഡാണെന്നും മൊഴിയിൽ. കേസിൽ നിർണായകമാണ് ഇരുവരുടേയും ചോദ്യം ചെയ്യൽ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കൽ.
കേസിൽ റിമാന്‍ഡിൽ കഴിയുന്ന പത്മകുമാറിന്‍റെയും ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ കോടതി തള്ളി. 40 ദിവസമായി ജയിലില്‍ കഴിയുന്നെന്ന് പത്മകുമാര്‍ കോടതിയെ അറിയിച്ചു. എന്നാൽ ഒരു പരിധിക്ക് അപ്പുറം അന്വേഷണം മുന്നോട്ട് പോകുന്നില്ല എന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അവധിക്കാല ബെഞ്ച് വിസമ്മതിച്ചു. റഗുലര്‍ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് അവധിക്കാല ബെഞ്ചിന്റെ നിരീക്ഷണം. എ. പത്മകുമാര്‍, ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും