സ്വർണപ്പാളികൾ പോറ്റിക്ക് കൊടുത്തുവിട്ടതിൽ ദേവസ്വം ബോർഡിന്റെ പങ്കെന്ത്?; മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും

ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ.വാസുവിന്റെ മൊഴിയും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്

Update: 2025-11-06 02:17 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടതിൽ ദേവസ്വം ബോർഡിന്‍റെ പങ്ക് പരിശോധിക്കുന്നതിനാണ് ചോദ്യം ചെയ്യൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ.വാസുവിന്റെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം,  ശബരിമലയിലെ സ്വര്‍ണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമെന്ന് ഇന്നലെ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.   ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുടെ സ്വര്‍ണപ്പാളിയുടെ പകര്‍പ്പുകൾ എടുത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. വിജയ് മല്യ സ്വർണം പൊതിഞ്ഞ ശ്രീകോവിലിൻ്റെ വാതിലിനെപ്പറ്റി അന്വേഷിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Advertising
Advertising

കുപ്രസിദ്ധ രാജ്യാന്തര കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി ഇതിന് സാമ്യമെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന്റെ നിർദ്ദേശം നൽകിയ ശേഷം, വിജയ് മല്യ സ്വർണം പൂശിയ വാതില്‍പ്പാളി കണ്ടെത്തിയത് അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്നാണ്. ഇത് പിന്നീട് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി.

2019ല്‍ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൊതിഞ്ഞു കൊണ്ടുവന്ന് സ്ഥാപിച്ചത് യഥാര്‍ത്ഥ വാതില്‍പ്പാളികള്‍ തന്നെയാണോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ദേവസ്വം ബോർഡിൻ്റെ മിനിറ്റ്സ് പരിശോധിച്ച കോടതി എല്ലാം ക്രമരഹിതമെന്ന് വിമർശിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കുമോ എന്ന കാര്യം എസ്ഐടി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News