വിദ്വേഷ പരാമർശം: വ്ലോഗർ അമൃത് സിങ്ങിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പൊലീസിൽ പരാതി നൽകി
വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്ന ഇത്തരം ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു
കൊച്ചി: ഫോർട്ട് കൊച്ചിയെയും കൊച്ചിയിലെ മുസ്‌ലിം സമൂഹത്തെയും ലക്ഷ്യമിട്ട് വിദ്വേഷ പരാമർശങ്ങൾ നടത്തിയ വ്ലോഗർ അമൃത് സിങ്ങിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പൊലീസിൽ പരാതി നൽകി. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
തന്റെ വ്ലോഗിലൂടെ ഒരു പ്രദേശത്തെയും ഒരു പ്രത്യേക സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലും വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുമുള്ള പരാമർശങ്ങൾ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എറണാകുളം ജില്ലാ കമ്മിറ്റിയംഗം പി.എസ് ഫുആദ് ആണ് പരാതി നൽകിയത്.
സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുവാനും വർഗീയ ധ്രുവീകരണം ഉണ്ടാക്കുവാനും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്ന ഇത്തരം ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.