'ഫോര്‍ട്ട് കൊച്ചി നിറയെ മുസ്‌ലിംകള്‍, കേരളം അപകടത്തില്‍'; വിദ്വേഷ പരാമര്‍ശത്തില്‍ യൂട്യൂബര്‍ അമൃത് സിങ്ങിനെതിരെ കേസ്

ഫോർട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയിൽ ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്

Update: 2026-10-24 15:36 GMT

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഉത്തരേന്ത്യന്‍ ഇൻഫ്ലുവൻസർ അമൃത് സിങ്ങിനെതിരെ കേസെടുത്തു. ഫോർട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയിൽ ഫോർട്ട് കൊച്ചി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുക, രണ്ട് മതവിഭാഗങ്ങൾക്കിടയിൽ ലഹള  ഉണ്ടാക്കാൻ ശ്രമിക്കുക എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

ഫോർട്ട് കൊച്ചിയിലെ 'കാശി' എന്ന കഫേയെ കേന്ദ്രീകരിച്ചായിരുന്നു അമൃത് സിങ്ങിന്‍റെ വിവാദ പ്രചാരണം. ഹൈന്ദവ മതവിഭാഗത്തിന്റെ പുണ്യസ്ഥലത്തിന്റെ പേരുള്ള ഈ ആർട്ട് കഫേയിൽ ബീഫ് വിൽക്കുന്നുണ്ടെന്നും, പ്രസ്തുത പ്രദേശത്ത് മുസ്‌ലിം മതവിഭാഗങ്ങൾ കൂടുതലായി വസിക്കുന്നതുകൊണ്ടാണ് ഇതെന്നും വീഡിയോയിൽ അമൃത് സിങ് ആരോപിച്ചിരുന്നു. 

Advertising
Advertising

കൂടാതെ, കഫേയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയോടൊപ്പം ജിന്നയുടെ വെള്ളി പ്രതിമയും സ്ഥാപിച്ചിട്ടുണ്ടെന്ന് തെറ്റായ രീതിയിൽ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. വീഡിയോ വ്യാപകമായതോടെ ഇരുമതവിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഉളവാക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ഇടയാക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

ജൂഡ് വിപിൻ നൽകിയ പരാതിയുടെയും പ്രാഥമിക പരിശോധനയുടെയും അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത (BNS) 353(2), 192 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫോർട്ട് കൊച്ചി സബ് ഇൻസ്പെക്ടർ അജ്മൽ ഹുസൈൻ കെ.എമ്മിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടർനടപടികൾ. അമൃത് സിങ്ങിനെതിരെ നേരത്തെ എറണാകുളം യൂത്ത് ലീഗും സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. മതസ്പർദ്ധ വളർത്തുകയും, സാധാരണക്കാർക്കിടയിൽ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പരാതി നൽകിയിരുന്നത്.

പോസ്റ്റ്

'ഈ വീഡിയോ ചെയ്തതിന് ശേഷം എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനായിരിക്കും. കാരണം ഇപ്പോള്‍ ഞാന്‍ കേരളത്തിലാണ് ഉള്ളത്, ഫോര്‍ട്ട് കൊച്ചിയിലാണ് താമസിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയെക്കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.

ഇവിടെ നിന്ന് കൃത്യം 10 മിനിറ്റ് നടന്നാല്‍ എത്തുന്ന ദൂരത്തില്‍ ഒരു കഫേയുണ്ട്, 'കാശി ആര്‍ട്ട് കഫേ' എന്നാണ് അതിന്റെ പേര്. കാശി എന്ന പേര് കേള്‍ക്കുമ്പോള്‍ മഹാദേവനുമായും ബനാറസുമായും ബന്ധപ്പെട്ട എന്തെങ്കിലും ആയിരിക്കും എന്ന് നിങ്ങള്‍ കരുതിയേക്കാം, എന്നാല്‍ ഈ കാശി തികച്ചും വ്യത്യസ്തമായിരുന്നു.

ഞാന്‍ ആ കഫേയ്ക്കുള്ളില്‍ കയറിയപ്പോള്‍ ഞെട്ടിപ്പോയി. ഇന്ത്യയില്‍ ആദ്യമായാണ് ഞാന്‍ ഗാന്ധിക്കൊപ്പം ജിന്നയുടെ ചിത്രം ചുവരില്‍ കാണുന്നത്. 50-ലധികം വെള്ളി പൂശിയ (സില്‍വര്‍ കോട്ടഡ്) ചിത്രങ്ങളാണ് കാശി ആര്‍ട്ട് കഫേയുടെ ഉടമ അവിടെ വെച്ചിരിക്കുന്നത്.

തുടര്‍ന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ഞാന്‍ മെനു കാര്‍ഡ് വാങ്ങി. മെനുവില്‍ മുഴുവന്‍ ബീഫ് വിഭവങ്ങളായിരുന്നു. മുഴുവനായും ബീഫ് വിഭവങ്ങള്‍ മാത്രം.

പേര് കാശി എന്നാണ്, ജിന്നയുടെ ഫോട്ടോകള്‍ വെച്ചിരിക്കുന്നു, പരസ്യമായി ബീഫും വില്‍ക്കുന്നു. വര്‍ക്കലയെക്കുറിച്ച് ഞാന്‍ മുമ്പ് ചെയ്ത ഒരു വീഡിയോയ്ക്കെതിരെ കേരള ആഭ്യന്തര വകുപ്പ് രംഗത്ത് വന്നിരുന്നു, അത് വ്യാജമാണെന്ന് അവര്‍ പറഞ്ഞു. എന്ത് വ്യാജമാണെന്നാണ് പറയുന്നത്? ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ഈ വീഡിയോയില്‍, ഇവിടെ ജിന്നയ്ക്ക് എന്താണ് കാര്യം? നമ്മുടെ ഭാരതത്തില്‍ ജിന്നയ്ക്ക് എന്താണ് കാര്യം? ജിന്ന ഭാരതത്തോട് എന്താണ് ചെയ്തതെന്ന് അറിയാമോ? ജിന്ന ഗാന്ധിക്കും നെഹ്‌റുവിനുമൊപ്പം ചേര്‍ന്ന് ഭാരതത്തെ വെട്ടിമുറിച്ചു. ജിന്നയും ഗാന്ധിയും നെഹ്‌റുവും കാരണം ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു, സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു. എന്നിട്ട് ആ ജിന്നയ്ക്ക് ഭാരതത്തില്‍ എന്താണ് കാര്യം?

കേരളത്തില്‍ ഇസ്ലാം പ്രചരിപ്പിക്കുന്നതിനായി അറബ് രാജ്യങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വന്‍തോതില്‍ ഫണ്ട് ലഭിക്കുന്നുണ്ടോ? നിങ്ങള്‍ സൃഷ്ടിക്കുന്നത് തികച്ചും ഒരുപക്ഷീയമായ സാഹചര്യമാണ്. കാശി ആര്‍ട്ട് കഫേയുടെ ഉടമയോടായി ഞാന്‍ പറയുകയാണ്: ഇതിന്റെ പേര് മാറ്റി 'കറാച്ചി ആര്‍ട്ട് കഫേ' എന്നാക്കൂ. കാരണം നിങ്ങള്‍ ജിന്നയെ മഹത്വവല്‍ക്കരിക്കുകയും ബീഫ് വില്‍ക്കുകയുമാണ് ചെയ്യുന്നത്.

കാശിയുടെ അര്‍ഥം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഭൂമിയിലെ ഏറ്റവും പവിത്രവും പുരാതനവുമായ നഗരമാണ് കാശി. ഇവിടുത്തെ ജനസംഖ്യയും ചുറ്റുപാടുകളും കണ്ട് ഞാന്‍ ശരിക്കും അമ്പരന്നുപോയി. ഫോര്‍ട്ട് കൊച്ചിയില്‍ ഇപ്പോള്‍ പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷമാണ്. 95% ബിസിനസ് ഉടമകളും, ടാക്സി ഡ്രൈവര്‍മാരും, റിക്ഷാ ഡ്രൈവര്‍മാരും, ചെറിയ കച്ചവടങ്ങള്‍ ചെയ്യുന്നവരും, കമ്മലുകള്‍ വില്‍ക്കുന്നവരും, പഞ്ചര്‍ ഒട്ടിക്കുന്നവരും, പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നവരുമെല്ലാം... എല്ലാവരും മുസ്ലിംകളാണ്, ഇവിടെ എല്ലാവരും മുസ്ലിംകളാണ്!

ഇവിടുത്തെ സര്‍ക്കാരാകട്ടെ കൈയും കെട്ടി നോക്കി നില്‍ക്കുകയാണ്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല, ഞാന്‍ ഇവിടുത്തെ നാട്ടുകാരായ വലതുപക്ഷ ചിന്താഗതിക്കാരുമായി സംസാരിച്ചു; അവരെല്ലാവരും ഭയന്ന് മിണ്ടാതിരിക്കുകയാണ്. അവര്‍ എന്നോട് പറയുകയായിരുന്നു, ''സഹോദരാ, ദയവായി നിങ്ങള്‍ വീഡിയോ ചെയ്യുമ്പോള്‍ നിങ്ങളുടെ ലൊക്കേഷന്‍ വെളിപ്പെടുത്തരുത്. തികച്ചും ഏകപപക്ഷീയമായാണ് കാര്യങ്ങള്‍ നീക്കുന്നത്'' ഇവിടുത്തെ സര്‍ക്കാരിന് ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി അറബ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഇവിടുത്തെ ആളുകള്‍ എന്നോട് പറഞ്ഞു.

ഇത് അവിശ്വസനീയമാണ്. കേരളത്തില്‍ നടക്കുന്നത് അതീവ അപകടകരമായ കാര്യങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കേരളം പൂര്‍ണമായും നഷ്ടപ്പെടും. കേരളം നമ്മുടെ കൈകളില്‍ നിന്ന് പോയിക്കഴിഞ്ഞു. ഇവിടുത്തെ വലതുപക്ഷ ചിന്താഗതിക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇവിടെ തുറന്നു സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല''- തുടങ്ങിയ കാര്യങ്ങളാണ് ഇന്‍ഫ്ളുവന്‍സര്‍ വീഡിയോയില്‍ പറയുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News