ബുള്ളി ബായ്: മുസ്ലിം സ്ത്രീക്ക് നേരേയുള്ള ഹിന്ദുത്വ വംശീയ പദ്ധതിക്ക് സർക്കാർ ചൂട്ടുപിടിക്കുന്നു - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

രാജ്യത്തെ അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന മുസ്ലിം സ്ത്രീകളുടെ നിശ്ചയദാർഢ്യത്തെ ഇല്ലായ്മ ചെയ്യാൻ ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്ക് സാധിക്കില്ല.

Update: 2022-01-04 17:05 GMT
Editor : Nidhin | By : Web Desk
Advertising

കോഴിക്കോട്: ഹിന്ദുത്വ ഭരണകൂടത്തിന് എതിരെ ശബ്ദിക്കുന്ന നൂറോളം മുസ്ലിം സ്ത്രീകളെ ഉന്നംവെച്ചു കൊണ്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷൻ, ലിംഗാധിഷ്ടിതമായ ഇസ്ലാമോഫോബിയയുടെയും മുസ്ലിം സ്ത്രീയ്ക്ക് നേരെയുള്ള ലൈംഗികവൽക്കരണത്തിന്റെയും കൃത്യമായ പ്രകടനങ്ങളാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. മുസ്ലിം സ്ത്രീകളെ ലേലവിൽപ്പനയ്ക്ക് വെക്കാനെന്ന രൂപേണ നേരത്തെ പ്രചരിച്ചിരുന്ന 'സുള്ളി ഡീൽസി'ന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്ക് നേരെയുള്ള പൊലീസിന്റെയും ഭരണകൂട സ്ഥാപനങ്ങളുടെയും നിഷ്‌ക്രിയത്വം മുസ്ലിം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലുള്ള അവരുടെ ദയനീയമായ പരാജയം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

സർക്കാറിന്റെയും അതിന്റെ വിവിധ സംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് നിരന്തരമായി ഉണ്ടാവുന്ന ഈ അവഗണനകൾ ഇത്തരം പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. മുസ്ലിം സ്ത്രീകളെ നിശബ്ദീകരിക്കലാണ് കുറ്റവാളികളുടെ ലക്ഷ്യമെന്ന് വ്യക്തമാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.

മുസ്ലിം സ്ത്രീകൾക്ക് നേരെ നിരന്തരം തുടരുന്ന ഈ കാമ്പയിനെ തങ്ങൾ ശക്തമായി അപലപിക്കുകയും കുറ്റവാളികൾക്കെതിരെ പൊലീസും ഭരണകൂടവും തക്കതായ നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായും അവർ പറഞ്ഞു.

രാജ്യത്തെ അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന മുസ്ലിം സ്ത്രീകളുടെ നിശ്ചയ ദാർഢ്യത്തെ ഇല്ലായ്മ ചെയ്യാൻ ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്ക് സാധിക്കില്ല. വിദ്വേഷാക്രമണത്തിന് വിധേയരായിരിക്കുന്ന മുസ്ലിം സ്ത്രീകൾക്ക് ഫ്രറ്റേണിറ്റി മൂവ്‌മെൻറ് എല്ലാവിധ ഐക്യദാർഢ്യവും, കുറ്റവാളികൾക്ക് എതിരെയുള്ള പോരാട്ടത്തിൽ പിന്തുണയും വാഗ്ദാനം ചെയ്യുന്നുതായും അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News