മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ട് കൈമാറി ഡിജിപി, കേസെടുക്കാൻ ശുപാർശ
നിലവിൽ നടക്കുന്ന അന്വേഷണം തുടരണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് പരാതിയിൽ ഡിജിപി റിപ്പോർട്ട് കൈമാറി. കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരണമെന്നും ഡിജിപി ശുപാർശ ചെയ്തിട്ടുണ്ട്.
ഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.എസ്‌ഐടി അന്വേഷണം തുടരുന്നതിനൊപ്പം വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികളിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. നിയമോപദേശം തേടിയ ശേഷമായിരിക്കും അന്വേഷണത്തിന്റെ തുടർ നടപടികളിൽ അന്തിമ തീരുമാനം ഉണ്ടാകുക.
അന്വേഷണത്തിന്റെ ഭാഗമായി മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും ചോദ്യം ചെയ്തിരുന്നു. സ്പോൺസറെ തിരഞ്ഞെടുത്ത രീതി, മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ, വിദേശയാത്ര എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് എസ്‌ഐടി വിവരങ്ങൾ തേടിയത്.
സ്പോൺസറെ തിരഞ്ഞെടുക്കുന്നതിൽ ചട്ടലംഘനം നടന്നോ, ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചോ, ഇടപാടുകളിൽ ക്രമക്കേടുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്. നേരത്തെ തന്നെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ കേസിൽ പ്രതി ചേർത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം അന്വേഷണത്തിന്റെയും തുടർ നിയമനടപടികളുടെയും അടിസ്ഥാനത്തിലായിരിക്കും.