'നോമ്പ് തുറക്കാൻ പോയതായിരുന്നു അവർ, മരണവിവരം അറിഞ്ഞത് ആശുപത്രിയിലെത്തിയ ശേഷം': മരിച്ച റഹ്മത്തിന്റെ ബന്ധു പറയുന്നു...

തീ കൊളുത്തിയപ്പോൾ ട്രെയിൻ നിർത്തിയ കോരപ്പുഴ പാലത്തിനും എലത്തൂർ റെയിൽവെ സ്റ്റേഷനും ഇടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

Update: 2023-04-03 03:58 GMT
Editor : rishad | By : Web Desk
മരിച്ച സഹറ, റഹ്മത്ത്, നൗഫീഖ്‌

Advertising

കോഴിക്കോട്: നോമ്പ് തുറക്കാനായാണ് മട്ടന്നൂർ സ്വദേശികളായ റഹ്മത്തും രണ്ടരവയസുകാരി സഹ്റയും കോഴിക്കേട്ടേക്ക് പോയതെന്ന് ബന്ധു നാസർ. കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടിൽ നിന്ന് നോമ്പ് തുറന്ന ശേഷം മട്ടന്നൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം. റഹ്മത്തിന്റെ സഹോദരിയുടെ മകളാണ് സഹ്റ.

നാസറിന്റെ വാക്കുകൾ ഇങ്ങനെ: 'ഇന്നലെ രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്. നോമ്പ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്. ട്രെയിനിൽ സാധാരണ ഇവർ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു'; ബന്ധു പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം. ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിലാണ് സംഭവം. രാത്രി ഒമ്പതരയോടെ 'ഡി കോച്ചിൽ' ആളുകളുടെ മുഖത്തേക്ക്  ഒരാള്‍ പെട്രോൾ സ്പ്രേ ചെയ്യുകയും തുടർന്ന് തീ കൊളുത്തുകയുമായിരുന്നു. അഞ്ച് പേർക്ക് കാര്യമായ പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. 

ഇതെ അപകടത്തിൽ കാലിന് പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളാണ് തന്നോടൊപ്പം യാത്ര ചെയ്തവരെ കാണാനില്ലന്ന വിവരം നൽകിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് റെയിൽവെ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. എലത്തൂർ റെയിൽവെ സ്റ്റേഷന് സമീപം കോരപ്പുഴ പാലത്തിന് സമീപമാണ് തീപൊള്ളലേറ്റ സമയത്ത് ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിരുന്നത്. കാണാതായവര്‍ പുഴയിലേക്ക് ചാടിയതാകാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ തെരച്ചിലിലാണ് ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.  

അതേസമയം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. എന്നാൽ ആക്രമണം ആസൂത്രിതമെന്ന നിഗമനത്തിലാണ് പൊലീസ്. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയതിന് ശേഷം ബൈക്കില്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ലിഫ്റ്റ്  ചോദിക്കാതെ തന്നെ ബൈക്ക് നിര്‍ത്തുകയും അയാള്‍ അതില്‍ കയറിപ്പോകുകയുമായിരുന്നു, അതേസമയം അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ട്രാക്കിൽ നിന്നും കണ്ടെത്തി. ബാഗിൽ മൊബൈൽഫോണും ഉണ്ട്.  


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News