പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ; അധിക ബാച്ചും സീറ്റും അനുവദിക്കും

മഴക്കെടുതിയിൽ മരിച്ചവർക്ക് അഞ്ച് ലക്ഷം രൂപ സഹായം നൽകാനും തീരുമാനമായി. കാശ്മീരില്‍ വീരമൃത്യു വരിച്ച സൈനികന്‍ എച്ച്. വൈശാഖിന്‍റെ കുടുംബത്തിൻ്റെ ഭവന വായ്പയുടെ കുടിശ്ശികയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കും

Update: 2021-10-28 01:22 GMT
Editor : Nisri MK | By : Web Desk
Advertising

സംസ്ഥാനത്ത് പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യാനും താല്‍ക്കാലിക ബാച്ചുകള്‍ക്കും അനുമതി നൽകും. മഴക്കെടുതിയിൽ മരിച്ചവർക്ക് അഞ്ച് ലക്ഷം രൂപ സഹായം നൽകാനും തീരുമാനമായി.

പ്ലസ് വൺ അഡ്മിഷന് നിലവില്‍ 20 ശതമാനം സീറ്റ് വർധിപ്പിച്ച 7 ജില്ലകളില്‍ ആവശ്യമെങ്കിൽ ഇനിയും സീറ്റ് കൂട്ടും. സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം വരെ സീറ്റ് അനുവദിക്കാനാണ് തീരുമാനം. അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ധനവിന് അപേക്ഷിക്കുന്ന എയിഡഡ് - അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ധന അനുവദിക്കും.

നേരത്തെ അധിക സീറ്റ് അനുവദിക്കാത്ത ജില്ലകളിൽ ആവശ്യമെങ്കിൽ എല്ലാ സർക്കാർ സ്കൂളിലും 20 ശതമാനം വരെ അധികമായി അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള എയിഡഡ് - അണ്‍എയിഡഡ് സ്കൂളുകളിൽ നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ദ്ധനവിന്‍റെ 20 ശതമാനം സീറ്റ് വരെ വര്‍ധനവ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. പുറംപോക്ക് ഭൂമിയില്‍ ഉള്‍പ്പെടെ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും. പ്രകൃതിക്ഷോഭത്തില്‍ 15 ശതമാനത്തില്‍ അധികം തകര്‍ച്ച നേരിട്ട പുറംപോക്ക് സ്ഥലത്തെ വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കാശ്മീരില്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്‍ എച്ച്. വൈശാഖിന്‍റെ കുടുംബത്തിൻ്റെ ഭവന വായ്പയുടെ കുടിശ്ശിക തീർക്കാൻ 27.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കും.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News