യോഗാ ദിനത്തിലും ആർഎസ്എസ് ഭാരതാംബ; നിലപാട് മാറ്റാതെ ഗവർണർ
രാജ്ഭവനിലെ യോഗാദിന പരിപാടികൾ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ്.
തിരുവനന്തപുരം: യോഗാ ദിനത്തിലും ആർഎസ്എസ് ഭാരതാംബ ചിത്രവുമായി ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികൾ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ്.
ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം
അതേസമയം ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പരസ്യമായി നിലപാട് എടുക്കുമെങ്കിലും കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുക തുടര്‍ സമീപനങ്ങളെ ആശ്രയിച്ചിരിക്കും. അതേസമയം ഭാരതാംബ ചിത്രത്തിലുള്ള നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും ഗവർണർ മറ്റ് വിഷയങ്ങളിൽ സർക്കാരുമായി കൂടുതൽ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല.
മന്ത്രി വി.ശിവൻകുട്ടിയുടെ പെരുമാറ്റത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ അനൗദ്യോഗിക സ്വഭാവത്തിൽ ധരിപ്പിക്കാൻ മാത്രമാണ് രാജ്ഭവനും ഇപ്പോൾ ആലോചിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവാദിത്തങ്ങളെപ്പറ്റി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനോടും രാജ്ഭവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.