'മതമല്ല നിങ്ങളുടെ പ്രശ്‌നം' എന്ന് മുസ്‌ലിംകളോട് പുലമ്പുന്ന മന്ത്രിക്കും മുഖ്യമന്ത്രിക്കും ഹിന്ദു ദേശീയവാദത്തിൻ്റെ ആജ്ഞാ സ്വരം -കെ.കെ ബാബുരാജ്

'കെ.എം ഷാജി മുന്‍പ് നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ച് വംശീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് മന്ത്രിയും മുഖ്യമന്ത്രിയും കൂട്ടരും ചെയ്യുന്നത്'

Update: 2026-01-30 09:00 GMT

കെ.കെ ബാബുരാജ്, കെ.എന്‍ ബാലഗോപാല്‍

സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ചിന്തകനും എഴുത്തതുകാരനുമായ കെ.കെ ബാബുരാജ്. 'മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നതല്ല ഞങ്ങളെ നയിക്കുന്ന മുദ്രാവാക്യം. 'മതമല്ല നിങ്ങളുടെ പ്രശ്‌നം' എന്നു മുസ്‌ലിംകളോട് ഉദാരവാദം പുലമ്പുന്നവര്‍ ഇടതുപക്ഷ വേഷം ധരിച്ചുകൊണ്ട് ഹിന്ദു ദേശീയവാദത്തിൻ്റെ ആജ്ഞാ സ്വരമാണ് ഉയര്‍ത്തുന്നതെന്നു കാണാന്‍ വലിയ ഗവേഷണമൊന്നും വേണ്ടെന്ന് ബാബുരാജ് പറഞ്ഞു. മതമല്ല, മതമല്ല, മതമല്ല പ്രശ്നം- എരിയുന്ന വയറിലെ തീയാണ് പ്രശ്നം' എന്നായിരുന്നു മന്ത്രി ബാലഗോപാലിൻ്റെ വാക്കുകള്‍. ഇതിനെയാണ് ബാബുരാജ് വിമര്‍ശിച്ചത്.

Advertising
Advertising

മുസ്‌ലിം ലീഗ് നേതാവായ കെ.എം ഷാജി മുന്‍പ് നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചു വംശീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് മന്ത്രിയും മുഖ്യമന്ത്രിയും കൂട്ടരും ചെയ്യുന്നതെന്ന് ബാബുരാജ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മുസ്‌ലിം ജനത നേരിടുന്ന അപരവത്കരണവും ഒറ്റതിരിക്കലും അവരുടെ മതപരമായ സ്വത്വത്തെ വിഷയമാക്കി തന്നെയാണ് നടപ്പിലാക്കുന്നത്. ഈ വസ്തുതയെ ദാരിദ്ര്യ പ്രശ്‌നമായി വെട്ടിച്ചുരുക്കുക മാത്രമല്ല, കേവലം കക്ഷിരാഷ്ട്രീയ തലത്തിലേക്ക് അതിനെ ഗതിമാറ്റി, നിലനില്‍ക്കുന്ന ഹിന്ദുത്വ അജണ്ടകളെ തന്നെ വിദൂരമാക്കുകയാണ് ഇവര്‍ ചെയ്യുന്നത് -ബാബുരാജ് പറഞ്ഞു.

കെ.കെ ബാബുരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ ബജറ്റ് അവതരണത്തിനിടയില്‍ മന്ത്രി 'മതമല്ല മതമല്ല മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ വിശപ്പാണ് പ്രശ്‌നം' എന്ന തരത്തില്‍ ഒരു രാഷ്ട്രീയ പ്രസ്താവന നടത്തിയിരുന്നു. അതിനു മുമ്പ് പിണറായി വിജയനും അസംഖ്യം മാര്‍ക്‌സിസ്റ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഇതേ മുദ്രാവാക്യം വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി.

യഥാര്‍ഥത്തില്‍ എരിയുന്ന വയറുകളുടെ കാര്യം പറയുകയല്ല, മറിച്ച് മുസ്‌ലിം ലീഗ് നേതാവായ കെ.എം ഷാജി മുമ്പ് നടത്തിയ ഒരു പ്രസംഗത്തെ വളച്ചൊടിച്ചു വംശീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും ചെയ്യുന്നത് എന്നതാണ് വസ്തുത. ഇന്ത്യയിലെ മുസ്‌ലിം ജനത നേരിടുന്ന അപരവത്കരണവും ഒറ്റതിരിക്കലും അവരുടെ മതപരമായ സ്വത്വത്തെ വിഷയമാക്കി തന്നെയാണ് നടപ്പിലാക്കുന്നത്. ഈ വസ്തുതയെ ദാരിദ്ര്യ പ്രശ്‌നമായി വെട്ടിച്ചുരുക്കുക മാത്രമല്ല, കേവലം കക്ഷിരാഷ്ട്രീയ തലത്തിലേക്ക് അതിനെ ഗതിമാറ്റി നിലനില്‍ക്കുന്ന ഹിന്ദുത്വ അജണ്ടകളെ തന്നെ വിദൂരമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

മുന്‍പ് സാമുദായിക സംവരണത്തില്‍ ഉള്ളടങ്ങിയ സാമൂഹികനീതിയെയും പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അവകാശ പ്രശ്‌നങ്ങളെയും അവഗണിച്ചു കൊണ്ട് അതിനെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായി ദുര്‍വ്യാഖ്യാനിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. ഇന്ന്, മുസ്‌ലിം ജനതയുടെ പൗരത്വത്തെ തന്നെ സംശയത്തിന്റെ നിഴലില്‍ നിറുത്തിക്കൊണ്ടുള്ള ഹിന്ദുത്വ തേര്‍വാഴ്ചയാണ് രാജ്യത്ത് നടക്കുന്നത്. ഈ അവസ്ഥയില്‍ 'മതമല്ല നിങ്ങളുടെ പ്രശ്‌നം' എന്നു മുസ്‌ലിംകളോട് ഉദാരവാദം പുലമ്പുന്നവര്‍ ഇടതുപക്ഷ വേഷം ധരിച്ചുകൊണ്ട് ഹിന്ദു ദേശീയവാദത്തിന്റെ ആജ്ഞാ സ്വരമാണ് ഉയര്‍ത്തുന്നതെന്നു കാണാന്‍ വലിയ ഗവേഷണമൊന്നും വേണ്ട.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News