തിരുവനന്തപുരം: ബിജെപിയുമായി കച്ചവടം ഉറപ്പിച്ചത് കൊണ്ടാണ് നേമത്ത് മത്സരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പറവൂരിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടെന്നും ശശി തരൂര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു. അധികകാലം കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ ശശി തരൂരിന് കഴിയില്ല. വ്യവസായിയെ വിട്ട് സിപിഎം ചര്‍ച്ച നടത്തിയിട്ടില്ലെന്നും നേരിട്ട് ചര്‍ച്ച നടത്താന്‍ അറിയാമെന്നും ശിവന്‍കുട്ടി മീഡിയവണിനോട് പറഞ്ഞു.
'വ്യക്തിപരമായി പ്രതിപക്ഷ നേതാവിനോട് തനിക്ക് വിരോധമൊന്നുമില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള എസ്‌ഐടി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നുകരുതി കഴിഞ്ഞ ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ പ്രതിപക്ഷ നേതാവ് നടത്തിയ ഇകഴ്ത്തല്‍ പ്രസംഗത്തെ ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിച്ചരിച്ചതെന്ന് രണ്ട് ദിവസമായി അദ്ദേഹം രുചിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.'
'ബിജെപിക്കെതിരായി ഞാൻ നടത്തിവരുന്ന പോരാട്ടത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. രണ്ടുതവണ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാളാണ് ഞാന്‍. എന്നിട്ടും എന്നെ സംഘിക്കുട്ടിയെന്നാണ് അദ്ദേഹം വിളിച്ചത്. പ്രതിപക്ഷ നേതാവിന് ബിജെപിയോടുള്ള രോഷം തീര്‍ക്കാന്‍ നേമത്ത് മത്സരിച്ച് വിജയിക്കുകയല്ലേ വേണ്ടത്.'
'നേമത്ത് മത്സരിക്കാനില്ലെന്ന് സതീശന്‍ പറഞ്ഞത് നേമവും പറവൂരും തമ്മിലുള്ള ഡീല്‍ കാരണമാണ്. പറവൂരില്‍ സതീശനെ പിന്തുണച്ചവരെല്ലാം അദ്ദേഹത്തെ കൈവിട്ടിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മുന്‍പും അവിടെ കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ഉണ്ടായിട്ടുണ്ട്. ഡീല്‍ നടത്തി ശീലമുള്ളവരാണ് അവർ. ശിവന്‍കുട്ടി വ്യക്തമാക്കി.
വി.ഡി സതീശനെതിരായ വ്യക്തിപരമായ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത്തരം പ്രസ്താവനകളൊന്നും താന്‍ നടത്തിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. 'സതീശനെ വ്യക്തിപരമായി ഇകഴ്ത്തുന്ന തരത്തില്‍ താനെന്തെങ്കിലും ചെയ്‌തെന്ന് അദ്ദേഹത്തിന് തോന്നുകയാണെങ്കില്‍ പരിശോധിക്കാന്‍ ഞാന്‍ തയ്യാറാണ്.'
'ശശി തരൂരിനെ ഒഴിവാക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തിക്കൊണ്ട് പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. ആ സമ്മര്‍ദത്തിന് ശശി തരൂര്‍ വഴങ്ങിക്കൊടുത്തിരിക്കുകയാണ്. ശശി തരൂരിന്റെ മനസ് മാറിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ബോഡി ലാങ്ക്വേജ് കണ്ടാലറിയാം. അധികകാലം അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ തുടരാനാവുമെന്ന് കരുതുന്നില്ല. ശശി തരൂരിനെ പാര്‍ട്ടിയിലെത്തിക്കണമെന്നുണ്ടെങ്കില്‍ ഒരു വ്യവസായിയുടേയും മധ്യസ്ഥത ഞങ്ങള്‍ക്ക് ആവശ്യമില്ല. പുതിയ ഒരാള്‍ പാര്‍ട്ടിയിലേക്ക് വരുന്ന ഘട്ടത്തില്‍ പാര്‍ട്ടിക്ക് ചില കീഴ്‌വഴക്കങ്ങളുണ്ട്. ഭരണഘടന അംഗീകരിക്കുന്ന ഏതൊരാള്‍ക്കും പാര്‍ട്ടിയിലേക്ക് സ്വാഗതം. ശശി തരൂരിന് പാര്‍ട്ടിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ വേണ്ടായെന്ന് ഞങ്ങള്‍ പറയുകയില്ല.' മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി രുദ്രാ രാജേഷ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 'വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടാന്‍ പോകുകയാണ്. രുദ്ര ജീവനൊടുക്കിയത് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെ തുടര്‍ന്നായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണറിപ്പോര്‍ട്ട് തേടിയിട്ടുണ്ട്'. അദ്ദേഹം പറഞ്ഞു.
നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമോയെന്ന മന്ത്രി ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയാനില്ലെന്ന് സതീശന്‍ പ്രതികരിച്ചിരുന്നു. എകെജി സെന്ററിലെ ഒരാളുടെ നേതൃത്വത്തിലും ശിവന്‍കുട്ടിയുടെ ഓഫീസിലെ ഒരാളും ചേര്‍ന്ന് തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്നും ശിവന്‍കുട്ടിക്കെതിരെ മത്സരത്തിനില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ മറുപടി.