'തോണ്ടിക്കളയാം എന്ന് വിചാരിക്കണ്ട, ഗവർണർ ഗവർണറുടെ പണി എടുത്താല്‍ മതി'- മുഖ്യമന്ത്രി

'നാടിന്‍റെ വികസനം തടയാൻ വരുന്നത് ആരായാലും ഈ നാട് അത് സമ്മതിക്കില്ല'

Update: 2022-10-24 13:40 GMT
Advertising

പാലക്കാട്: ഗവർണർ ഗവർണറുടെ ചുമതല നിർവഹിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ എന്ന അവകാശത്തിന് ഒരിഞ്ച് കടക്കരുത്. സർക്കാർ നിർദേശം അനുസരിച്ച് പ്രവർത്തിച്ചാൽ മതി. അല്ലാത്തതൊന്നും കേരളത്തിൽ നടക്കില്ലെന്നും പിണറായി വിജയൻ പാലക്കാട് പറഞ്ഞു.

''ഗവർണര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് മനസിലാകുന്നില്ല.നാടിന്‍റെ വികസനം തടയാൻ വരുന്നത്  ആരായാലും ഈ നാട് അത് സമ്മതിക്കില്ല. ഗവർണർ എന്ന അവകാശത്തിന് ഒരിഞ്ച് കടക്കരുത്. ഗവര്‍ണര്‍ക്ക് വ്യക്തിപരമായി ഇവിടെ ഒന്നും ചെയ്യാനാവില്ല. അത്തരത്തിലുള്ള ഒന്നുമായും പുറപ്പെടേണ്ട. അങ്ങനെ ഒരു പുറപ്പെടലും കേരളം സമ്മതിക്കില്ല.  ഗവർണർ ഗവർണറുടെ ചുമതല നിർവഹിച്ചാൽ മതി. മെല്ലെ ഒന്നു തോണ്ടി കളയാമെന്ന് വെച്ചാൽ ആ തോണ്ടലൊന്നും ഏല്‍ക്കില്ല''- മുഖ്യമന്ത്രി പറഞ്ഞു. 

'വി.സിമാര്‍ക്ക് തത്‍ക്കാലം തുടരാം'; ഹൈക്കോടതിയുടെ ഇടക്കാല വിധി

ഒമ്പത് വി.സിമാര്‍ക്കും തത്ക്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി. രാജിവയ്ക്കണമെന്ന ഗവർണറുടെ ആവശ്യം ചോദ്യം ചെയ്ത് വി.സിമാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല വിധി. കാരണം കാണിക്കൽ നോട്ടീസിൽ ഗവർണർ നടപടി സ്വീകരിക്കുന്നതുവരെ വി.സിമാർക്ക് പദവിയിൽ തുടരാമെന്നാണ് ഉത്തരവിലുള്ളത്.

വിധി വി.സിമാര്‍ക്ക് താത്കാലികാശ്വാസം നല്‍കുന്നതാണ്. പത്ത് ദിവസത്തിനകം വി.സിമാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമാണെങ്കിൽ വി.സിമാരെ തുടരാൻ അനുവദിക്കാം. അല്ലെങ്കിൽ തുടർനടപടികളുമായി ഗവർണർക്ക് മുന്നോട്ട് പോവാമെന്നും കോടതി നിർദേശിച്ചു.

ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.സിമാർ. ഇന്ന് 11.30 ന് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം വി.സിമാർ തള്ളിയിരുന്നു. അവധി ദിവസമായിട്ടും വി.സിമാർ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇന്ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിച്ചത്.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല,കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News