പഠനേതര പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിപ്പിക്കണം; അൽത്തിയ

കലാ കായിക പരിശീലങ്ങൾക്കിടയിൽ കുട്ടികൾക്ക് നേരെ കൊലപാതകമടക്കമുള്ള അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സംഘടനയുടെ നടപടി

Update: 2026-02-23 10:29 GMT

തിരുവനന്തപുരം: പഠനേതര പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിപ്പിക്കണമെന്ന് അൽത്തിയ സ്ത്രീ കൂട്ടായ്മ. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കും വിദ്യാഭ്യാസ സെക്രട്ടറി വാസുകിക്കും കരട് മാർഗനിർദേശങ്ങൾ സംഘടന സമർപ്പിച്ചു. മലപ്പുറം വാഴക്കാട് മുട്ടിങ്ങൽ കടവിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ പേരിലായിരിക്കണം ഈ മാർഗ നിർദേശങ്ങൾ എന്ന് ആൽത്തിയ ആവശ്യപ്പെട്ടു.

കലാ കായിക പരിശീലങ്ങൾക്കിടയിൽ കുട്ടികൾക്ക് നേരെ കൊലപാതകമടക്കമുള്ള അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സംഘടനയുടെ നടപടി. ഇപ്പോൾ ഇത്തരം പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെയോ മറ്റേതെങ്കിലും വകുപ്പിൻ്റെയോ അനുമതിയോ നിയന്ത്രണമോ ഉണ്ടാകാറില്ല.അതിക്രമത്തിന് ഇരയായ കുട്ടികൾക്ക് മതിയായ സംരക്ഷണമോ പുനരധിവാസമോ പിന്തുണയോ ലഭ്യമാകുന്നില്ല.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കല - കായിക പരിശീലകരുടെയും മുൻകൈയിൽ വിദ്യാർത്ഥികളുടെ സുരക്ഷയും അവകാശവും ഉറപ്പുവരുത്തുന്ന രീതിയിൽ മാത്രമായിരിക്കണം ഇത്തരം പ്രവർത്തനങ്ങൾ എന്ന് അൽത്തിയ ആവശ്യപ്പെടുന്നു.പി.ഇ ഉഷ, മാഗ്ലിൻ ഫിലോമിന , സഫ എം.എം എന്നിവരാണ് മന്ത്രിയെയും സെക്രട്ടറിയേയും സന്ദർശിച്ച് മാർഗ്ഗ നിർദേശങ്ങൾ സമർപ്പിച്ചത്.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News