'എന്റെ നില ഗുരുതരമാണെന്ന് അവർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്'; വ്യജവാർത്തക്കെതിരെ ഹരീഷ് കണാരൻ
വ്യാജവാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനൽ റിപ്പോർട്ട് ചെയ്യാൻ സഹായിക്കുമോ എന്നും ഹരീഷ് ചോദിച്ചു.
കോഴിക്കോട്: തന്റെ ആരോഗ്യനില ഗുരുതരമാണെന്ന വ്യാജവാർത്തക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് കണാരൻ. ഇത്തരം വാർത്തകൾക്ക് താനുമായി ബന്ധമില്ല. വ്യാജവാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനൽ റിപ്പോർട്ട് ചെയ്യാൻ സഹായിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
''എന്റെ നില ഗുരുതരം ആണെന്ന് news of malayalam പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ?''-വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് ഹരീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഹരീഷിന്റെ പോസ്റ്റ് നടൻ നിർമൽ പാലാഴി ഷെയർ ചെയ്തിട്ടുണ്ട്. ''News of malayalam അഡ്മിനെ...റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വെച്ചു വേണോ ഈ നാണം കെട്ട പരിപാടി 😔🙏. ഇന്നലെ രാത്രി ഒരുമിച്ചു പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാ, ഈ വാർത്തകണ്ട് മാതൃഭൂമി പത്രത്തിൽ നിന്നും വിളിച്ചപ്പോഴാ അവനും #hareeshkanaran വിവരം അറിഞ്ഞത്. ദയവു ചെയ്ത് റിപ്പോർട്ട് അടിക്കാൻ കൂടെ നിൽക്കുമോ...'' എന്നാണ് നിർമൽ സ്ക്രീൻഷോട്ടിനൊപ്പം കുറിച്ചത്.