ഹെലികോപ്ടർ വാടക: 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കത്ത് ധനവകുപ്പിന് കൈമാറിയത്

Update: 2024-01-11 04:55 GMT
Advertising

സംസ്ഥാന സർക്കാറിന്റെ വിവിധ ആവശ്യങ്ങൾക്കായി വാടകക്ക് എടുത്ത ഹെലികോപ്ടറിന്റെ വാടക കുടിശ്ശിക നൽകാൻ 50 ലക്ഷം രൂപ അധികതുക അനുവദിച്ച് ധനകാര്യ വകുപ്പ്. ഒക്ടോബർ 20 മുതൽ നവംബർ 19 വരെയുള്ള വാടക നൽകാനാണ് തുക അനുവദിച്ചത്.

സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിനെ തുടർന്നാണ് ധനവകുപ്പ് തീരുമാനം. മുഖ്യമ​ന്ത്രി അടക്കമുള്ളവരുടെ സർക്കാർ ആവശ്യങ്ങൾക്കായാണ് ചിപ്സൺ ഏവിയേഷൻ കമ്പനിയിൽനിന്ന് ഹെലികോപ്ടർ വാടകക്ക് എടുത്തിട്ടുള്ളത്. ഒരു മാസം വാടകയായി നൽകേണ്ടത് 80 ലക്ഷം രൂപയാണ്.

വാടക കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതർ പൊലീസ് മേധാവിക്ക് കത്ത് നൽകുകയായിരുന്നു. ഡിസംബർ നാലിന് ഈ കത്ത് ഡി.ജി.പി ആഭ്യന്തര വകുപ്പിന് കൈമാറി.

പിന്നീട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കത്ത് ധനവകുപ്പിന് കൈമാറി. തുടർന്നാണ് 50 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ച് ഉത്തരവിറക്കിയത്.

ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചാണ് ഉത്തരവിറക്കിയത്. നിലവിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറിയിൽനിന്ന് ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

ഇനി നവംബർ 20 മുതൽ ഡിസംബർ 19 വരെയുള്ള വാടക കുടിശ്ശിക ഹെലികോപ്ടർ കമ്പനിക്ക് സർക്കാർ നൽകാനുണ്ട്. ഇതിന് വേണ്ടിയും ചിപ്സൺ കമ്പനി കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം. പൈലറ്റുൾപ്പടെ 11 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഹെലികോപ്ടറാണ് സർക്കാർ വാടകക്ക് എടുത്തിട്ടുള്ളത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News