ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

'പ്രൊഫൈലാക്‌സിസ് ചികിത്സയുടെ പ്രായപരിധി വര്‍ധിപ്പിക്കും'

Update: 2025-02-17 11:30 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്. ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും, 18 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്കും ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിർദേശാനുസരണം എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നു, മന്ത്രി വ്യക്തമാക്കി.

Advertising
Advertising

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് ഹീമോഫീലിയ രോഗികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത്. ഹീമോഫീലിയ രോഗത്തിനുള്ള മരുന്ന് പ്രതിസന്ധി കഴിഞ്ഞ ഒരു വര്‍ഷമായി ആഗോള തലത്തിലുള്ളതിനാല്‍ വിവിധ കമ്പനികളെ ആശ്രയിച്ച് വേണ്ട ഇടപെടലുകള്‍ നടത്തി വന്നിരുന്നു. എന്നാല്‍ ഈ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മരുന്ന് സംഭരണത്തിനും വികേന്ദ്രീകരണത്തിനും മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

നിലവില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 324 പേര്‍ക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 58 കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നല്‍കിയത്. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കി വരുന്നത്. 2194 ഹീമോഫീലിയ രോഗികളുടെ ചികിത്സയും പരിചരണവും ഈ പദ്ധതിയിലൂടെയാണ് നല്‍കിവരുന്നത്. ഹീമോഫിലിയ പോലെയുള്ള അപൂര്‍വ രോഗം ബാധിച്ചവരെ പ്രത്യേകമായി ചേര്‍ത്തുനിര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News