'വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്'; വിമര്‍ശനങ്ങൾക്കിടെ മൗനം വെടിഞ്ഞ് ഹൈബി ഈഡൻ
എംഎൽഎക്കെതിരെ കാസ അടക്കമുള്ള ക്രിസ്ത്യൻ സംഘടനകൾ രംഗത്തുവന്നിരുന്നു
കൊച്ചി: വഖഫ് ബില്ലിനെതിരെ നിലപാട് എടുത്തതിന്‍റെ പേരിൽ ഹൈബി ഈഡൻ എംഎൽഎക്കെതിരെ കാസ അടക്കമുള്ള ക്രിസ്ത്യൻ സംഘടനകൾ രംഗത്തുവന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിരുന്നു. മുനമ്പം വിഷയത്തില്‍ എറണാകുളം എംപി എന്ത് നിലപാട് എടുത്തു എന്നും വഖഫ് ബോര്‍ഡ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിനെ പിന്തുണയ്ക്കാന്‍ ഹൈബി ഈഡന് നട്ടെല്ല് ഉണ്ടോ എന്നുമായിരുന്നു ചോദ്യം. ഇപ്പോൾ വിഷയത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
''വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം'' എന്ന ബൈബിളിൽ നിന്നുള്ള വാക്യങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ലോക്സഭയിൽ വഖഫ് ബിൽ ചര്‍ച്ചക്കിടെ ഹൈബി ഈഡൻ ബില്ലിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ''ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് ശ്രമം.മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാൽ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണ്. ബില്ലിലെ ഏത് വ്യവസ്ഥയാണ് മുനമ്പം പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതെന്നും'' ഹൈബി ഈഡൻ ചോദിച്ചിരുന്നു.
''താനും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നാണ്. ഞാനും അവരിൽ ഒരാളാണ്. മുന്‍കാല പ്രാബല്യമില്ലെങ്കില്‍ മുനമ്പത്തുകാര്‍ക്ക് എന്തു ഗുണം?. ഈ ബില്ല് വഴി മുനമ്പത്തുകാർക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണം. കേരളത്തിലെ മുസ്‍ലിം-ക്രിസ്ത്യൻ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമം. മണിപ്പൂർ കത്തിയപ്പോൾ സിബിസിഐ പറഞ്ഞത് സർക്കാർ എന്തുകൊണ്ട് കേട്ടില്ല? ആഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതെയാക്കിയ സർക്കാരാണിതെന്നും'' ഹൈബി ഈഡൻ കുറ്റപ്പെടുത്തിയിരുന്നു.