ശബരിമല ഇടത്താവളത്തില്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്ലക്സിനെതിരെ ഹൈക്കോടതി
വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു
കൊച്ചി: ശബരിമല ഇടത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്കായി അന്നദാനത്തിന് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്ലക്സിനെതിരെ ഹൈക്കോടതി. ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് അഭിവാദ്യമര്‍പ്പിച്ച് ക്ഷേത്രോപദേശക സമിതി സ്ഥാപിച്ച ഫ്ലക്സിനെതിരെയാണ് ദേവസ്വം ബെഞ്ചിന്‍റെ രൂക്ഷ വിമര്‍ശനം. അഭിവാദ്യ ഫ്ലക്സ് വയ്ക്കാനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്ന് ഹൈക്കോടതി പറഞ്ഞു.
ഭക്തര്‍ ക്ഷേത്രത്തിലേക്ക് നല്‍കുന്ന പണം ഉപയോഗിച്ചല്ല ഫ്ലക്സ് വെക്കേണ്ടതെന്നും ഇതിന് ചെലവാക്കുന്ന തുക കൂടി അന്നദാനത്തിന് ചെലവാക്കണമെന്നും ഹൈക്കോടതി വിമർശിച്ചു. സമാന സ്വഭാവത്തിലുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ മറ്റിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടോയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിക്കണം. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.