'മൃതദേഹങ്ങള്‍ ചുമന്നിറക്കരുത്': ശബരിമലയില്‍ മൃതദേഹങ്ങള്‍ സ്ട്രെച്ചറില്‍ ചുമക്കുന്നത് തടഞ്ഞ് ഹൈക്കോടതി

മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമന്നുകയറ്റുന്ന കാഴ്ച മല കയറുന്നവരുടെ മാനസികവിഷമം ഉണ്ടാക്കുമെന്നും കോടതി

Update: 2025-11-29 12:55 GMT

എറണാകുളം: ശബരിമലയില്‍ മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമക്കുന്നത് തടഞ്ഞ് ഹൈക്കോടതി. മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ തന്നെ പമ്പയിലെത്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമന്നുകയറ്റുന്ന കാഴ്ച മല കയറുന്നവരുടെ മാനസികവിഷമം ഉണ്ടാക്കുമെന്നും കോടതി പരാമര്‍ശിച്ചു.

ശബരിമലയിലെത്തുന്നവരില്‍ ഓരോ വര്‍ഷവും ശരാശരി 180 തീര്‍ത്ഥാടകരെങ്കിലും ഹൃദയാഘാതം മൂലം മരണപ്പെടുന്നുവെന്നാണ് കണക്കുകള്‍. ഇങ്ങനെ മല കയറുന്നതിനിടയില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമന്നാണ് പമ്പയിലേക്ക് എത്തിക്കാറുള്ളത്. എന്നാല്‍, മല കയറുന്ന മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഈ കാഴ്ച അസ്വസ്ഥപ്പെടുത്തുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം.

തിടുക്കപ്പെട്ട് മല കയറുന്നതോടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ശരീരത്തെ പിടികൂടാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ശബരിമല കയറുന്നതിനിടെ മരണപ്പെടുന്നവരുടെ മൃതദേഹം ഇനിമുതല്‍ സ്‌ട്രെച്ചറില്‍ ചുമന്നുകൊണ്ടുപോകരുതെന്നും ആംബുലന്‍സ് ഉപയോഗിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി ഒരു ആംബുലന്‍സ് സന്നിധാനപരിസരത്ത് സ്ഥിരമാക്കി വെക്കണമെന്നും കോടതി വ്യക്തമാക്കി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News