അമ്മയെ പരിപാലിക്കാത്ത മകൻ മനുഷ്യനല്ലെന്ന് ഹൈക്കോടതി

92 വയസ്സായ അമ്മയ്ക്ക് മാസം 2000 രൂപ നൽകണമെന്നതായിരുന്നു കുടുംബ കോടതി വിധി

Update: 2025-08-02 08:19 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: അമ്മയുടെ കാര്യങ്ങൾ നോക്കാത്ത മകൻ മനുഷ്യനല്ലെന്ന് ഹൈക്കോടതി. 100 വയസായ അമ്മയ്ക്കു മാസം 2000 രൂപ വീതം ജീവനാംശം നൽകണമെന്ന കൊല്ലം കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മകൻ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

കൊല്ലം പാരിപ്പള്ളി സ്വദേശിയാണ്, കൊല്ലം കുടുംബ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 92 വയസ്സായ അമ്മയ്ക്ക് മാസം 2000 രൂപ നൽകണമെന്നതായിരുന്നു, കുടുംബ കോടതി വിധി. ഇപ്പോൾ അമ്മയ്ക്ക് 100 വയസ്സായി. കോടതി ഉത്തരവ് പാലിക്കാത്ത മകനെതിരെ ജപ്തി നടപടികൾ തുടങ്ങിയപ്പോഴാണ് മകൻ ഹൈക്കോടതിയെ സമീപിച്ചത്. അമ്മയുടെ പിന്നിൽ, ഗൂഢ താല്പര്യത്തോടെ മറ്റൊരു സഹോദരൻ ആണെന്നും അതിനാൽ കുടുംബ കോടതി വിധി റദ്ദാക്കണം എന്നതുമായിരുന്നു ആവശ്യം. കടുത്ത വിമർശനങ്ങളുമായി കോടതി ആവശ്യം തള്ളി.

Advertising
Advertising

നൂറു വയസ്സായ അമ്മയ്ക്ക് 2000 രൂപ നൽകണമെന്ന് പോലും ഭാരമായി കരുതുന്ന ഒരു മകൻ, അത്തരമൊരു സമൂഹത്തിൽ അംഗമായതിൽ അങ്ങേയറ്റം ലജ്ജിക്കുന്നു എന്നും കോടതി വിമർശിച്ചു. മറ്റു മക്കൾ ഉള്ളതിനാൽ താൻ ജീവനാംശം നൽകേണ്ടതില്ല എന്ന വാദവും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ തള്ളി. പ്രായമായ സ്വന്തം അമ്മയെ പരിപാലിക്കാത്ത ഒരാൾ മനുഷ്യനല്ലെന്ന് കോടതി വിമർശിച്ചു.

"അമ്മയെ പരിപാലിക്കുന്നതിന് തയ്യാറല്ലാത്ത, പ്രായമായ സ്വന്തം അമ്മയുടെ ദൈനംദിന കാര്യങ്ങൾക്ക് പണം നൽകാതെ ഒരു മകൻ കോടതിയിൽ വന്നിരിക്കുന്നു. പ്രായമായ ആ അമ്മയെ കോടതി കയറ്റി. പ്രായാധിക്യത്തിന്റെ അവശതയിൽ ആ അമ്മയെ കോടതിക്കൂട്ടിൽ വിസ്തരിച്ചു. അത്തരമൊരു സാഹചര്യം ഒഴിവാക്കണമായിരുന്നു. ഏതൊരു മകനും തന്റെ അമ്മയോട് അങ്ങേയറ്റം പലവിധത്തിൽ കടപ്പെട്ടിരിക്കുന്നു. അമ്മയെ പരിപാലിക്കേണ്ടത് അവന്‍റെ ഉത്തരവാദിത്തമാണ്. മകൻ മുതിർന്ന് കല്യാണം കഴിച്ച് പുതിയ വീട് വെച്ച് കഴിഞ്ഞാൽ പോലും അമ്മ എന്നും അമ്മ തന്നെയാണ്. നിങ്ങൾക്ക് എത്ര പ്രായമായാലും, അമ്മയെ നിങ്ങൾക്ക് ആവശ്യമുണ്ട്. എന്നാൽ പലരും കല്യാണം കഴിഞ്ഞാൽ... അമ്മയെ മറക്കുന്നു. ആ അമ്മക്ക് തന്നെ ആവശ്യമുണ്ട് എന്നതുപോലും മകൻ മറക്കുന്നു.. അമ്മയെ ഒന്ന് ഫോണിൽ വിളിക്കുക എന്നത് എത്ര ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്.. അത് അവരുടെ ഒരു ദിവസത്തെ സന്തുഷ്ടമാക്കുന്നു. എങ്കിലും പലരും ഇത് മറന്നുപോകുന്നു..." കോടതി നിരീക്ഷിച്ചു.

"മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ അവരുടെ അഭിരുചികൾ മാറുന്നു.. അവർ കുട്ടികളെപ്പോലെ പെരുമാറും.. ദേഷ്യം പിടിക്കും... പെരുമാറ്റത്തിൽ മാറ്റമുണ്ടാകും. നമ്മൾ കുട്ടികളായിരുന്നപ്പോൾ അതേ രീതിയിൽ നമ്മെ അവർ ഉൾക്കൊള്ളുകയും, സ്നേഹത്തോടെ നമ്മെ പരിപാലിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അവർക്ക് പ്രായമാകുമ്പോൾ അത് നമ്മളാണ് ഉൾക്കൊള്ളേണ്ടത്. അമ്മ എന്നും പ്രിയപ്പെട്ട അമ്മ തന്നെയാണ്. അമ്മയാണ് ഒരു മകന്‍റെ വീട്... അവരെ ആശ്വസിപ്പിക്കേണ്ടത് നമ്മളാണ്" - ഉത്തരവിൽ കോടതി വ്യക്തമാക്കി.

സ്വത്തുക്കൾ എല്ലാം കൈക്കലാക്കിയ ശേഷം മറ്റൊരു സഹോദരനാണ്, അമ്മയെക്കൊണ്ട് പരാതി നൽകിയത് എന്ന് പരാതിക്കാരൻ കോടതിയിൽ ഉന്നയിച്ചു. എന്നാൽ അത് അങ്ങനെയാണെങ്കിൽ പോലും അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരൻ അമ്മയുടെ മകനാണ് എന്നതിൽ ഒരു തർക്കവുമില്ല. മറ്റു വിഷയങ്ങൾ വീടിൻറെ നാല് ചുമരുകൾക്കുള്ളിൽ തീർക്കണമായിരുന്നു.. ജീവനാംശം തേടി അമ്മ കോടതിയിൽ വരേണ്ട സാഹചര്യം തന്നെ ഒഴിവാക്കണമായിരുന്നു. അമ്മയ്ക്കെതിരെ കോടതിയിൽ പോരാടുന്ന മകനുള്ള ഒരു സമൂഹത്തിൽ അംഗമായതിൽ അങ്ങേയറ്റം ലജ്ജ തോന്നുന്നു എന്നും കോടതി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News