Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരായ തിരുവനന്തപുരം വിജിലൻസ് കോടതി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അജിത് കുമാറിനെതിരെ വിജിലൻസ് നടത്തിയ അന്വേഷണം പ്രഹസനമെന്നും കോടതി നിരീക്ഷിച്ചു.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത് വിജിലൻസ് ഡിവൈഎസ്പിയാണ് എന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. എഡിജിപിയെ സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥൻ എങ്ങനെ ചോദ്യം ചെയ്യുമെന്ന് കോടതി ചോദിച്ചു. ജൂനിയർ ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് സുതാര്യമല്ലല്ലോ എന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് നിരീക്ഷിച്ചാണ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നടപടിക്രമങ്ങളിൽ പ്രഥമ ദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് റദ്ദാക്കിയ കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ അനുചിതമെന്നും ഇതിനെതിരെ ഹരജി നൽകുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹരജിയിൽ പി.വി അൻവർ കക്ഷി ചേർന്നു. സെപ്റ്റംബർ 12ന് ഹരജി വീണ്ടും പരിഗണിക്കും.