4000 രൂപ മുതൽ 6000 വരെ; ആഘോഷവേളയിൽ നാട്ടിലെത്താൻ സ്വകാര്യ ബസ് ടിക്കറ്റിന് വൻ തുക

കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റില്ലാത്തതും മലയാളികളുടെ ദുരിതം ഇരട്ടിയാക്കുന്നു

Update: 2023-12-14 01:28 GMT
Advertising

കൊച്ചി: ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾക്ക് നാട്ടിലെത്താൻ സ്വകാര്യ ബസ് ടിക്കറ്റിന് വൻ തുക നൽകേണ്ട ഗതികേടിലാണ് മലയാളികൾ. അവധി സീസൺ മുന്നിൽ കണ്ട് ഇതരസംസ്ഥാനങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റില്ലാത്തതും മലയാളികളുടെ ദുരിതം ഇരട്ടിയാക്കുന്നു.

ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങൾക്കായി നാട്ടിലെത്താൻ കാത്തിരിക്കുന്ന മലയാളികളുടെ വയറ്റത്തടിക്കുന്നതാണ് തോന്നുംപടിയുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക്. ഈ മാസം 20 മുതൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം റൂട്ടിൽ സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വർധിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ബംഗ്ലൂരുവിൽ നിന്നുള്ള എസി സ്ലീപ്പർ ബസിന് 1400 രൂപ മുതൽ -1600 രൂപ വരെയാണ് നിരക്ക്. ഈ മാസം 20ാം തീയതിക്ക് ശേഷം ടിക്കറ്റിന് 4000 മുതൽ 6000 രൂപ വരെ നൽകണം. തിരുവനന്തപുരം, കോഴിക്കോട് റൂട്ടുകളിലും സ്ഥിതി സമാനമാണ്. എന്നാൽ അമിതമായ നിരക്ക് വർധനവിന് കാരണം ചില സ്വകാര്യ ബസ് ഉടമകളാണെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ പറയുന്നു. ആഘോഷസമയത്തെ നിരക്ക് സംഘടന നേരത്തെ നിശ്ചിയിച്ചിട്ടുണ്ട്. അത് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ പറയുന്നു.

സ്‌പെഷ്യൽ സർവീസുകളടക്കം കെഎസ്ആർടിസി 45ഉം കർണാടക ആർടിസി 67 സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ 20ാം തീയതിക്ക് ശേഷം ഒരു സർവീസിലും ടിക്കറ്റില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായിരിക്കുകയാണ്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News