'നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല, നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാഷ്ട്രീയ ലൈനില്‍ മാറ്റമില്ല '; ശശി തരൂര്‍
'പ്രധാനമന്ത്രിയുമായി സംസാരിച്ചത് നയതന്ത്ര ദൗത്യത്തെ പറ്റി മാത്രം'
തിരുവനന്തപുരം: ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളി ശശി തരൂർ എം.പി. പ്രധാനമന്ത്രിയുമായി സംസാരിച്ചത് നയതന്ത്ര ദൗത്യത്തെ പറ്റി മാത്രമെന്ന് തരൂർ പറഞ്ഞു.കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും രാഷ്ട്രീയ ലൈനില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ സുഹൃത്തായ ആര്യാടൻ ഷൗക്കത്ത് ജയിക്കണമെന്നും, പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിൽ പ്രചാരണത്തിന് പോകുമായിരുന്നുവെന്നും തരൂർ തിരുവനന്തപുരത്ത് പറഞ്ഞു.'ഞാൻ എവിടേക്കും പോകുന്നില്ല. കോൺഗ്രസ് പാർട്ടിയിലെ അംഗമാണ്. ഒരു ചുമതല ഏറ്റെടുത്താൽ അത് ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കണം'..അദ്ദേഹം പറഞ്ഞു.
'നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യം തന്നെയാണ്.താന്‍ കേരളത്തിന് പുറത്തായിരുന്നു. തിരിച്ചു കേരളത്തിൽ എത്തിയപ്പോഴും മറ്റു മെസ്സേജുകൾ ഒന്നും കിട്ടിയില്ല. കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്.മികച്ച സ്ഥാനാർഥിയാണ് നിലമ്പൂരിലുള്ളത്. നിലമ്പൂരിൽ കോൺഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം.നേതൃത്വത്തോട് പലപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്ലാവരോടും സൗഹൃദപരമായാണ് പോകുന്നത്'..തരൂര്‍ പറഞ്ഞു.