അതിജീവിതയ്‌ക്കൊപ്പം നിന്നതിന് പുറത്താക്കപ്പെട്ടു; നീതി തേടി അനിതയുടെ സമരം നാലാംദിവസത്തില്‍

സ്ഥലംമാറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

Update: 2024-04-05 05:56 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: അതിജീവിതക്കൊപ്പം നിന്ന കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയര്‍ നഴ്സിങ് ഓഫീസറുടെ സ്ഥലംമാറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. മാര്‍ച്ച് ഒന്നിലെ കോടതി ഉത്തരവിന്റെ നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സീനിയർ നഴ്സിങ് ഓഫീസർ പി.ബി അനിത കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ നടത്തുന്ന ഉപവാസ സമരം നാലാംദിവസത്തിലേക്ക് കടന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഓഫീസറാണ് പി ബി അനിത. 2023 നവംബര്‍ 28ന് അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് ഡി.എം.ഇ സ്ഥലംമാറ്റി. ഉത്തരവ് ചോദ്യം ചെയ്ത് അനിത ഹൈക്കോടതിയെ സമീപിക്കുന്നു. സ്ഥലംമാറ്റം മാര്‍ച്ച് ഒന്നിന് ഹൈക്കോടതി റദ്ദാക്കുകയും ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുനര്‍ നിയമനം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.

Advertising
Advertising

ഏപ്രില്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാന്‍ വന്ന പി.ബി അനിതയോട് പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം കിട്ടിയിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. ഇതോടെയാണ് അനിത മെഡിക്കല്‍ കോളജിന് മുന്നില്‍ ഉപവാസ സമരം തുടങ്ങിയത്. അനുകൂല തീരുമാനം ഉണ്ടാകും വരെ സമരം തുടരാനാണ് പി.ബി അനിതയുടെ തീരുമാനം.

അനിതയുടെ സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളജിലെ പ്രതിപക്ഷ സര്‍വീസ് സംഘടനകളും രംഗത്തുണ്ട്. അനിതയ്ക്ക് നീതി കിട്ടും വരെ ഒപ്പമുണ്ടാകുമെന്ന് കെ.കെ. രമ എം.എല്‍.എ മീഡിയവണിനോട് പറഞ്ഞു. പി.ബി അനിതയോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതി ഇരയ്ക്കൊപ്പം നില്‍ക്കാനുള്ള മറ്റുള്ളവരുടെ മനോവീര്യത്തെ ബാധിക്കുമെന്ന് അതിജീവിതയും മീഡിയവണിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ നിയമവശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ തടസ്സമെന്ത് എന്നതിന് ഇപ്പോഴും ആരോഗ്യവകുപ്പിന് വ്യക്തമായ ഉത്തരമില്ല. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ എന്ന ചോദ്യം ആവര്‍ത്തിക്കുകയാണ് ഉപവാസമിരിക്കുന്ന പി.ബി അനിതയും അതിജീവിതയും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News