'ഞങ്ങൾക്കെതിരെ വെറുപ്പ് പടർത്താൻ നിങ്ങളുപയോഗിക്കുന്ന ഹിന്ദി ഭാഷ ക്രിസ്ത്യൻ പാതിരി ചിട്ടപ്പെടുത്തിയതാണെന്ന് നിങ്ങളോര്‍ക്കണം'- ഫാദർ ജോൺസൺ തേക്കടിയിൽ

'ദേവാലയത്തിൽപോയ അവരെന്ന മാനസാന്തരപ്പെടുത്തിയില്ല എന്ന് ഹിന്ദുത്വവാദികളായ ബജ്റംഗ് ദൾ, വിഎച്ച്പി പോലുള്ള സംഘടനാ നേതാക്കളോട് മോദിക്ക് ധൈര്യത്തേടെ പറഞ്ഞൂകൂടെ'

Update: 2026-01-01 04:51 GMT

ഫാദർ ജോൺസൺ തേക്കടിയിൽ

തിരുവനന്തപുരം: ഞങ്ങൾക്കെതിരെ വെറുപ്പ് പടർത്താൻ നിങ്ങളുപയോഗിക്കുന്ന ഹിന്ദി ഭാഷ ക്രിസ്ത്യൻ പാതിരി ചിട്ടപ്പെടുത്തിയതാണെന്ന് നിങ്ങളോര്‍ക്കണമെന്ന് ഫാദർ ജോൺസൺ തേക്കടിയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംസാരിക്കുന്നത് അമേരിക്കക്കാരനായ ഡോ സാമുവൽ ഹെൻറി കെല്ലോഗ് സ്ഥാപിച്ച ഹിന്ദി ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു. 

'ഇന്ത്യയിൽ ഹിന്ദി ഭാഷ ദേശീയ ഭാഷയാക്കണമെന്നൊക്കെ അമിത് ഷാ പറയുമ്പോൾ അദ്ദേഹം അറിയാത്തൊരു കാര്യം ഈ ഭാഷ 1875ൽ സാമുവൽ ഹെൻറി കെല്ലോഗ് എന്ന മിഷിനറി രൂപീകരിച്ചതാണ്. അദ്ദേഹം എഴുതിയതായിട്ടുള്ള മനോഹരമായ ഹിന്ദി വ്യാകരണ ഗ്രന്ഥമൊക്കെയാണ് നിങ്ങൾ വായിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്.  അതുകൊണ്ട് തന്നെ ക്രൈസ്തവ സമൂഹത്തെ നിങ്ങൾ വെറുക്കുംതോറും ആ ഭാഷ തന്നെ ക്രൈസ്തവർ ഉണ്ടാക്കിയതാണെന്ന് നിങ്ങൾ വിസ്മരിക്കുന്നു'- ഫാദർ ജോൺസൺ തേക്കടിയിൽ പറഞ്ഞു. 

Advertising
Advertising

പ്രധാനമന്ത്രിയുടെ ക്രിസ്മസ് പള്ളി സന്ദർശനം ഒരു നാടകമോ എന്ന വിഷയത്തില്‍ ലിബര്‍ട്ടി എംടിവി എന്ന യൂട്യൂബ് ചാനലിലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  മനുഷ്യാവകാശപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമാണ് ഫാദര്‍ ജോണ്‍സണ്‍ തേക്കടയില്‍. മണിപ്പൂര്‍ കലാപത്തിന്റെ ഭീകരത അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് പുറംലോകം അറിഞ്ഞത്.

'മോദി ഇത് രണ്ടാം തവണയാണ് ക്രിസ്മസിന് ദേവാലയങ്ങൾ സന്ദർശിക്കുന്നത്. ഇങ്ങനെ രണ്ട് പ്രാവശ്യം ദേവാലയത്തിൽപോയി പ്രാർഥിച്ചപ്പോൾ ക്രൈസ്തവനായോ? ക്രൈസ്തവനായി എന്ന് അങ്ങയുടെ കൂട്ടത്തിലുള്ള ഹിന്ദുത്വാവാദികളാരെങ്കിലും പറയുമോ? ഒരു പ്രാവശ്യമെങ്കിലും ദേവാലയത്തിൽ പോകുന്നവരെ തിരഞ്ഞുപിടിച്ച് അങ്ങയുടെ അനുചരന്മാർ വാളും വടിയും ശൂലവും ഉപയോഗിച്ചും പന്തംകൊളുത്തിയുമൊക്കെ ഉപദ്രവിക്കുന്ന പതിവ് അങ്ങ് കാണാതിരിക്കുന്നതല്ലല്ലോ'- ഫാദർ ജോൺസൺ തേക്കടിയിൽ ചോദിക്കുന്നു. 

രണ്ട് പ്രാവശ്യം ദേവാലയങ്ങളിൽ പോയി പ്രാർഥിച്ചിട്ടും മോദി ക്രിസ്തുമത വിശ്വാസത്തിലേക്ക് വന്നിട്ടില്ലെങ്കിൽ ദേവാലയങ്ങളിൽ പോകുന്നവരെ ഉപദ്രവിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്നും അതിന് മോദി ഉത്തരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

'ദേവാലയത്തിൽപോയ അവരെന്ന മാനസാന്തരപ്പെടുത്തിയില്ല എന്ന് ഹിന്ദുത്വവാദികളായ ബജ്റംഗ് ദൾ, വിഎച്ച്പി പോലുള്ള സംഘടനാ നേതാക്കളോട് മോദിക്ക് ധൈര്യത്തേടെ പറഞ്ഞൂകൂടെ, നമ്മളൊരിക്കലും ക്രൈസ്തവ സമൂഹത്തെ ഉപദ്രവിച്ചുകൂടെന്നും അവർ നൽകിയതായിട്ടുള്ള ഭാഷയാണ് നമ്മൾ ഉപയോഗിക്കുന്നതെന്നും അവർ നൽകിയ വിദ്യാഭ്യാസമാണ് നമ്മുടെ ഭരണഘടനക്കും ഉയർച്ചക്കും കാരണമെന്നും അവരോട് പറഞ്ഞൂകൂടെ, ഇങ്ങനെ പറയാൻ മടിയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

'ഒരു കയ്യിൽ കേക്കുമായി വരുമ്പോൾ അത് മുറിക്കാനുപയോഗിക്കുന്ന കത്തി, ഉത്തരേന്ത്യയിലും ഉപയോഗിക്കുന്നുണ്ട്. ആ കത്തികൾ കൂടി ഇങ്ങോട്ട് കൊണ്ടുവരണം, മനുഷ്യരെ മുറിക്കാനായി ഉപയോഗിക്കരുത്. ഇന്ത്യയിൽ ക്രൈസ്തവ പീഡനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ബജ്റംഗ് ദൾ, ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് അറിയേണ്ടതുണ്ട്. ക്രൈസ്തവരെ എവിടെ കണ്ടാലും അടിക്കുക, കൊല്ലുക എന്ന നിലവാരത്തിലേക്ക് അവരെത്തിയിട്ടുണ്ട്. ഈ കൂട്ടത്തെ അനുകൂലിക്കുന്നവരും നമുക്കിടയിലുണ്ട്'-അദ്ദേഹം പറഞ്ഞു. 

'ഇങ്ങനെയുള്ളവരുടെ തോളിൽ കയ്യിട്ടാൽ എന്തെങ്കിലും ലഭിക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്, അവർ ഒരിക്കൽ നിങ്ങളെയും തേടിവരും, ഇപ്പോൾ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്ന മധുരപലഹാരങ്ങളിൽ വിഷമാണ്. അവർ ഏത് സമയവും നിങ്ങളുടെ അടുത്തേക്കും എത്തും. നമ്മുടെ രാജ്യത്തെ വെട്ടിമുറിക്കാൻ അനുവദിക്കരുത്. ഭീകരപ്രസ്ഥാനമായ ബജ്റംഗ് ദളിനെ എത്രയും വേഗം കൂച്ചുവിലങ്ങിടേണ്ടത് അനിവാര്യമാണ്. ഇവരെ കയറൂരി വിട്ടുകഴിഞ്ഞാൽ രാജ്യം ശിഥിലമാകും'-അദ്ദേഹം പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - റിഷാദ് അലി

contributor

Similar News