ന്യൂഡൽഹി: ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രയാസവുമില്ലെന്നും സുരക്ഷിതരാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഒന്നിനും ഒരു തടസവുമില്ലെന്നും കാന്തപുരം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ന്യൂസ് 18 ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം.
അഭിമുഖത്തിൽനിന്നുള്ള ഭാഗങ്ങൾ
ന്യൂസ് 18: ഭാരത്തിൽ മുസ്‌ലിംകൾ സുരക്ഷിതരാണോ? സുരക്ഷിതരല്ല എന്ന് പലരും പറയുന്നുണ്ടല്ലോ, താങ്കളുടെ വീക്ഷണം എന്താണ്?
കാന്തപുരം: ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു തടസവുമില്ല. ഒരു പ്രയാസവുമില്ല. മദ്രസകൾ, അറബിക് കോളജുകൾ, പള്ളികൾ എല്ലാം നടക്കുന്നുണ്ട്. ഒന്നിനും ഒരു പ്രയാസവുമില്ല. അങ്ങനെയാണ് എന്റെ അറിവിലുള്ളത്.
ന്യൂസ് 18: ഒരു വികസിത ഭാരത്തിന് വേണ്ടി എല്ലാവരും ചേർന്ന് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞോ?
കാന്തപുരം: ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വളരെ നല്ല മറുപടിയായിരുന്നു പ്രധാനമന്ത്രിയുടേത്.
ന്യൂസ് 18: ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ റാഡിക്കലൈസേഷനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടല്ലോ. ഈ കൺസേൺ താങ്കൾ ഉന്നയിച്ചോ? ഇതിൽ എന്ത് ചെയ്യാനാവും?
കാന്തപുരം: എല്ലാവർക്കും വിദ്യാഭാസം നൽകണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കോളജുകളും മറ്റും ആവശ്യമുണ്ട്.
ന്യൂസ് 18: താങ്കൾ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞപ്പോൾ പ്രധാനമന്ത്രി എന്തു പറഞ്ഞു?
കാന്തപുരം: ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ആശുപത്രികളും മറ്റും വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാം എന്ന് അദ്ദേഹം മറുപടി പറഞ്ഞു
ന്യൂസ് 18: ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഭാരതത്തിലെ മുസ്‌ലിംകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ? അവിടെയും ഭാരതത്തിലും പ്രാക്ടീസ് ചെയ്യപ്പെടുന്ന ഇസ്‌ലാമിൽ വളരെയധികം വ്യത്യാസമുണ്ടല്ലോ
കാന്തപുരം: ബംഗ്ലാദേശിനെ കുറിച്ച് എനിക്കറിയില്ല. എന്നാൽ ലോകത്തെല്ലായിടത്തും ശാന്തിയും സമാധാനവും ഉണ്ടാവണം. ഇതിനു വേണ്ടതെല്ലാം ചെയ്യും. അമേരിക്കയും ഇറാനും തമ്മിലുള്ളതും അവസാനിപ്പിക്കണം. മനുഷ്യത്വത്തെ മുകളിൽവച്ച് ബാക്കിയുള്ളതെല്ലാം താഴെ വയ്ക്കണം
ന്യൂസ് 18: റമദാൻ ആഗതമായിരിക്കുകയാണല്ലോ. റമദാന് മുമ്പ് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോ? യുവാക്കളോട് പ്രത്യേകമായി എന്തെങ്കിലും സന്ദേശം ഉണ്ടോ?
കാന്തപുരം: പൊതുവായി റമദാനിനെ കുറിച്ച് സന്ദേശം ഇതാണ്. റമദാൻ പരസ്പരം കാരുണ്യവും സ്‌നേഹവും വർധിപ്പിക്കേണ്ട ഒരു മാസമാണ്. ധനികർ ദരിദ്രർക്ക് സമ്പത്ത് നൽകണം
ന്യൂസ് 18: ഈ കൂടിക്കാഴ്ചയിൽ താങ്കൾ സന്തുഷ്ടനാണോ?
കാന്തപുരം: വളരെയധികം സന്തുഷ്ടനാണ്.
ന്യൂസ് 18: ഭാരതത്തെ ഇസ്‌ലാമിന്റെ ഒരു സാംസ്‌കാരിക കേന്ദ്രമാക്കുന്നത് എങ്ങനെ എന്ന് താങ്കൾ ചർച്ച ചെയ്‌തോ? ഭാരതത്തിൽ മുസ്‌ലിംകൾ ഇസ്‌ലാം പ്രയോഗവൽക്കരിക്കുന്നത് ലോകത്തെ പഠിപ്പിക്കാനാകുമോ?
കാന്തപുരം: മനുഷ്യത്വത്തിന് വേണ്ടി ചെയ്യേണ്ടതെന്തോ അതെല്ലാം നമ്മൾ ചെയ്യേണ്ടതുണ്ട്. അത് മുസ്‌ലിമായാലും ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും. ഇതാണ് ഞാൻ പറഞ്ഞത്.