പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം; മൂന്ന് ഉദ്യോഗസ്ഥർ വിശദീകരണം നൽകി

നിലവിൽ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് വിശദീകരണം നൽകാൻ രണ്ട് ദിവസം കൂടി സമയമനുവദിച്ചു

Update: 2023-01-24 01:50 GMT
Editor : Jaisy Thomas | By : Web Desk

പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവം

Advertising

മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ കാണാതായതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ മൂന്ന് പേർ ജില്ലാ കലക്ടറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. നിലവിൽ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് വിശദീകരണം നൽകാൻ രണ്ട് ദിവസം കൂടി സമയമനുവദിച്ചു. ഈ ആഴ്ച തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കലക്ടർ റിപ്പോർട് സമർപ്പിക്കും.

പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കാണ് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവർക്കായിരുന്നു ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന എസ്. പ്രബിത് ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മറുപടി നൽകിയത്.

പ്രബിതിന് തിരുവനന്തപുരത്തേക്ക് തപാലിൽ നോട്ടീസ് ലഭിക്കാനുള്ള കാലതാമസം കണക്കാക്കിയാണ് രണ്ട് ദിവസം അധിക സമയം അനുവദിച്ചത്. ഇത് കൂടി ലഭിച്ച ശേഷം കലക്ടർ അന്തിമ റിപ്പോർട്ട് തയ്യാറാക്കും. അബദ്ധത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് നോട്ടീസിന് മറുപടി നൽകിയ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് സൂചന. ജില്ലാകലക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും ഉദ്യോഗസ്ഥരുടെ വിശദീകരണവും ഉൾപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുക . ഇതിന് ശേഷമാകും സംഭവത്തിൽ തുടർനടപടികൾ.


Full View







Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News