'മാധ്യമങ്ങൾ വഴിയാണ് വിവരമറിഞ്ഞത്, ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല'; പാർട്ടി നടപടിയിൽ കെ.എസ് ഹംസ

''പാർട്ടി പ്രസിഡന്റിന്റെ തീരുമാനം അംഗീകരിക്കും''

Update: 2022-07-18 04:29 GMT

മലപ്പുറം: പാർട്ടി നടപടിയിൽ ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ. മാധ്യമങ്ങൾ വഴിയാണ് വിവരം അറിഞ്ഞത്. പാർട്ടി പ്രസിഡന്റിന്റെ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ വിധേയമായാണ് അദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. ഹംസ രൂക്ഷമായ അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ കെ.എസ് ഹംസ രൂക്ഷമായി വിമർശിച്ചിരുന്നു. ഇ. ഡി യെ ഭയന്ന് മോദിയെയും വിജിലൻസിനെ ഭയന്ന് വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടിയെന്ന് കെ.എസ് ഹംസയടക്കമുള്ളവരുടെ വിമർശനം രൂക്ഷമായതോടെ ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചു. മുസ്ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.എസ് ഹംസ ചർച്ച തുടങ്ങിയത്. പാർട്ടിയെ നിഷ്‌ക്രിയമാക്കി രാഷ്ട്രീയ ഹിജഡകളെ വളർത്താൻ ശ്രമിക്കരുത് തുടങ്ങി കടുത്ത വാക്കുകളുമായി ഹംസ കത്തിക്കയറിയപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി എഴുന്നേറ്റു. ഇതോടെ യോഗം നടന്ന ഹോട്ടൽമുറി ബഹളത്തിൽ മുങ്ങി. കൊച്ചിയിലെ ഹോട്ടലിൽ നടന്ന മൂന്ന് മണിക്ക് ആരംഭിച്ച യോഗം രാത്രി ഏഴരക്കാണ് അവസാനിച്ചത്.

Advertising
Advertising

15 മിനിറ്റോളം ബഹളത്തിൽ മുങ്ങിയ യോഗം പിന്നീട് സ്വാദിഖലി തങ്ങൾ ഇടപെട്ടാണ് നിയന്ത്രിച്ചത്. കെ എസ് ഹംസയെയും കുഞ്ഞാലിക്കുട്ടിയും അടുത്തേക്ക് വിളിച്ച തങ്ങൾ ഇരുവരെയും ഹസ്തദാനം ചെയ്യിച്ചാണ് പിരിഞ്ഞത്. എന്നാൽ യോഗത്തിൽ നടന്ന കാര്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി വന്നു. ഇത് ബോധപൂർവം മാധ്യമങ്ങൾക്ക് നൽകിയതാണ് എന്നതും ഇതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നുമാണ് പാർട്ടി വിലയിരുത്തൽ. യോഗത്തില നടക്കുന്ന കാര്യങ്ങൾ മാധ്യമങ്ങൾക്ക് കൃത്യമായി നൽകുന്ന കാര്യത്തെ കുറിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.   

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News